‘കൊച്ചിയിൽ പൊട്ടിച്ചത് പോലെ കോഴിക്കോടും പൊട്ടിക്കും’: കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്‌

‘കൊച്ചിയിൽ പൊട്ടിച്ചത് പോലെ കോഴിക്കോടും പൊട്ടിക്കും’: കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്‌​കോഴിക്കോട് : കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റകളുടെ പേരില്‍ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോടും പൊട്ടിക്കുമെന്നാണ് ഭീഷണി. വ്യാജ കമ്മ്യൂണിസ്റ്റുകള്‍ വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എംഎല്‍) ​െ​ന്റ പേരിലാണ് കത്ത്. പിണറായി പോലീസിന്റെ വേട്ട തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് കത്തില്‍ പറയുന്നു.

കത്ത് നടക്കാവ് പോലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാൽ തന്നെ കത്തിനെ ഗൗരവത്തിലാണ് ​പോലീസ് കാണുന്നത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകൾ കത്തിൽ അന്വേഷണം തുടങ്ങി.

കണ്ണൂർ കരിക്കോട്ടക്കരി വന മേഖലയിൽ മാവോയിസ്റ്റുകൾക്കായി ഇന്നും തണ്ടർബോൾട്ട് സംഘം തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ സംഘം അധിക ദൂരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് കരിക്കോട്ടക്കരി, അയ്യൻകുന്ന് വനത്തിൽ പരിശോധന ശക്തമാക്കിയത്.

കർണാടക വനാതിർത്തിയിൽ കർണാടക എഎൻഎസ് സംഘം തിരച്ചിൽ ഊർജ്ജിതമാണ്. വയനാട് വനത്തിലും സമാന്തരമായി തണ്ടർബോൾട്ട് തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി നടന്ന മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ കരിക്കോട്ടക്കരി പോലീസ് യുഎപിഎ വകുപ്പ് ഉൾപ്പെടെ ചുമത്തി വീണ്ടും കേസെടുത്തിട്ടുണ്ട്.