ഗാസയില്‍ അണുബോംബ് വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി: തിരുത്തി നെതന്യാഹു, മന്ത്രിക്ക് സസ്‌പെന്‍ഷന്‍

ഗാസയില്‍ അണുബോംബ് വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി: തിരുത്തി നെതന്യാഹു, മന്ത്രിക്ക് സസ്‌പെന്‍ഷന്‍ടെല്‍ അവീവ്: യുദ്ധം കടുത്ത സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രായേല്‍ സൈന്യം അണുബോംബ് വര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച മന്ത്രിയെ തിരുത്തി പ്രധാനമന്ത്രി നെതന്യാഹൂ രംഗത്ത്. ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിഹായ് എലിയാഹുവാണ് ഗാസയില്‍ അണുബോംബിടാനുള്ള സാധ്യതയെ കുറിച്ച് പരാമര്‍ശിച്ചത്. റേഡിയോ കോല്‍ ബെറാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് 'അതും ഒരു സാധ്യതയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി'.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് നെതന്യാഹൂ വ്യക്തമാക്കി. നിരപരാധികളെ ഉപദ്രവിക്കാതെ രാജ്യാന്തര യുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ഗാസയില്‍ ഇസ്രായേല്‍ സൈന്യം പോരാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വിജയം കൈവരിക്കുന്നവരെ യുദ്ധം തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവാദ പ്രസ്താവനയ്ക്കു പിന്നാലെ എലിയാഹുവിനെ മന്ത്രിസഭയില്‍നിന്ന് പ്രധാനമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിസഭാ യോഗങ്ങളില്‍ എലിയാഹുവിനു പങ്കെടുക്കാനാകില്ല.

അതേസമയം, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് നെതന്യാഹു രൂപീകരിച്ച ഐക്യ സര്‍ക്കാരില്‍ എലിയാഹു അംഗമായിരുന്നില്ല. ഗാസയില്‍ അണുബോംബിടാനും മടിക്കില്ലെന്നു പ്രഖ്യാപിച്ച് വിവാദത്തില്‍ ചാടിയതിനു പുറമേ, സംഘര്‍ഷബാധിതമായ ഗാസയിലേക്കു സഹായമെത്തിക്കാനുള്ള നീക്കത്തെയും ശക്തമായ എതിര്‍ക്കുന്ന മന്ത്രിയാണ് എലിയാഹു. 'നാത്സികള്‍ക്ക് മാനുഷിക പരിഗണനയുടെ പുറത്ത് സഹായം നല്‍കില്ല' എന്നായിരുന്നു എലിയാഹുവിന്റെ നിലപാട്. ഗാസയില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ പങ്കില്ലാത്ത സാധാരണക്കാരില്ലെന്നും എലിയാഹു ചൂണ്ടിക്കാട്ടി.

ഗാസയില്‍ അണുബോംബ് ഇടുമെന്ന തന്റെ പ്രസ്താവന കേവലം അലങ്കാര പ്രയോഗം മാത്രമാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമെന്ന് എലിയാഹു വിശദീകരിച്ചു. ഭീകരവാദത്തിനെതിരെ യാതൊരു മയവുമില്ലാത്ത പ്രതികരണം അത്യന്താപേഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിന് ഇന്നത്തെ ലോകത്തില്‍ യാതൊരു പ്രസക്തിയുമില്ലെന്ന് അതിലൂടെ മാത്രമേ നാത്സികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും മനസ്സിലാക്കിക്കൊടുക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.