യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചക്ക് ആ രാജ്യം സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി.
വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യമനിലെ സുപ്രീംകോടതി ഈ മാസം 13ന് തള്ളിയെന്നും വധശിക്ഷ ഒഴിവാക്കാൻ ഇനി യമൻ പ്രസിഡന്റിനു മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. അതിന് ശേഷമാണ് ഈ കോടതി നിർദേശം.
മകളുടെ മോചനത്തിന് യമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹരജി ഡൽഹി ഹൈകോടതി പരിഗണിച്ചപ്പോഴാണ് യമൻ കോടതി നിമിഷ പ്രിയ നൽകിയ അപ്പീൽ തള്ളി വധശിക്ഷ ശരിവെച്ചത് കേന്ദ്രം അറിയിച്ചത്. വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമൻ കോടതി തള്ളിയിരുന്നു. അതിനെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ ഈ മാസം 13ന് തള്ളിയെന്ന വിവരമാണ് ഇന്ത്യക്ക് ലഭിച്ചതെന്ന് കേന്ദ്രം അറിയിച്ചു. വധശിക്ഷ ഒഴിവാക്കാൻ ഇനി യമൻ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നും കേന്ദ്രം ബോധിപ്പിച്ചു.