പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ ദമ്പതികളുടെ കൊല: ചെയ്തത് ആറംഗ സംഘം, പെൺകുട്ടിയുടെ പിതാവുൾപ്പെടെ പിടിയിൽ

പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ ദമ്പതികളുടെ കൊല: ചെയ്തത് ആറംഗ സംഘം, പെൺകുട്ടിയുടെ പിതാവുൾപ്പെടെ പിടിയിൽതൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് പിടികൂടി. ദുരഭിമാനക്കൊലയെന്ന് ​പൊലീസ് വ്യക്തമാക്കി.

രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു മാരി സെൽവവും കാർത്തികയും. ഇരുവരും ഒരേ ജാതിയിൽപെട്ടവരെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാൽ കാർത്തികയുടെ അച്ഛൻ ബന്ധത്തെ എതിർത്തു. വീട്ടിലെ മൂന്ന് പെണ്മക്കളിൽ മൂത്തയാളായ കാർത്തിക കഴിഞ്ഞ തിങ്കളാഴ്ച വീട് വീട്ടിറങ്ങി. മാരിക്കൊപ്പം പോലീസ് സംരക്ഷണം തേടി കോവിൽപ്പെട്ടി സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്തു.

നവ ദമ്പതികൾ മാരിയുടെ വീട്ടിൽ താമസിച്ചു തുടങ്ങി മൂന്നാം നാൾ വൈകീട്ടാണ് ആക്രമി സംഘം എത്തിയത്. മൂന്ന് ബൈക്കുകളിൽഎത്തിയ ആറ് പേര് ഇവരുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി ഇരുവരെയും വെട്ടി കൊലപ്പെടുത്തൃുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ടു അയൽക്കാർ ഓടി എത്തുമ്പോഴേക്കും ആക്രമി സംഘം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു.
കാർത്തികയുടെ അച്ഛനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്തോടെയാണ് ഇരട്ട കൊലയുടെ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് ഒളിവിൽ പോയ കൊലയാളികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും തൂത്തുക്കൂടി എസ്പി പറഞ്ഞു.