വിവേകോദയം സ്‌കൂളിലെ വെടിവെപ്പ്: പ്രതിയ്ക് ജാമ്യം, മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും



വിവേകോദയം സ്‌കൂളിലെ വെടിവെപ്പ്: പ്രതിയ്ക് ജാമ്യം, മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും


പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി നടപടി


തൃശൂര്‍: വിവേകോദയം സ്കൂളിൽ വെടിവെച്ച സംഭവത്തിൽ പ്രതി ജഗന് ജാമ്യം. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് കോടതി നടപടി. ജഗൻ രണ്ട് വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പോലീസ്നോട് ​ പറഞ്ഞു. ചികിത്സാ രേഖകളും കുടുംബം ഹാജരാക്കി.

സ്കൂളിൽ അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജ​ഗനെതിരെ കേസ് എടുത്തിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു പോലീസ് മജിസ്ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് നൽകിയത്.

പൂര്‍വ്വവിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായി എത്തി ക്ലാസുകളില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശൂരിലെ വിവേകോദയം സ്‌കൂളില്‍ രാവിലെ 10.30 യോടെ നടന്ന സംഭവത്തില്‍ തോക്കുമായി സ്‌കൂളിലെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സ്റ്റാഫ് റൂമിലെത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് റൂമില്‍ കയറി വെടിവെപ്പ് നടത്തുകയും ചെയ്തതായിട്ടാണ് അദ്ധ്യാപകര്‍ പറയുന്നത്.

സംഭവത്തിന് ശേഷം സ്‌കൂളിന്റെ മതില്‍ ചാടി ഓടി രക്ഷപ്പെട്ട ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ സ്‌കൂളിലെത്തിയ ഇയാള്‍ ആദ്യം സ്റ്റാഫ് റൂമിലേക്കാണ് പോയത്. അവിടെയെത്തി രണ്ടു കൊല്ലം മുമ്പ് താന്‍ പഠിച്ചിരുന്ന കാലത്ത് ഒരു തൊപ്പി ഇവിടെ വാങ്ങിവെച്ചിട്ടുണ്ട് അത് തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. ചില അദ്ധ്യാപകരെ പേരെടുത്ത് വിളിക്കുകയും അവരെ തിരക്കുകയും ചെയ്തു. സ്കൂളില്‍ പഠിച്ച് ത​ന്റെ ഭാവി പോയെന്നും പറഞ്ഞു. പിന്നീട് അധ്യാപകരെ ഭീഷണിപ്പെടുത്തി. സ്‌കൂള്‍ കത്തിക്കുമെന്നും പറഞ്ഞു.

തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും തോക്കെടുത്ത് ക്ലാസ്സ് മുറികളിലേക്ക് കയറി വെടിയുതിര്‍ത്തതായിട്ടാണ് അദ്ധ്യാപകര്‍ പറയുന്നത്. പ്ലസ് ടൂ ക്ലാസ്സുകളില്‍ കയറി മുകളിലേക്ക് വെടിയുതിര്‍ത്തതായിട്ടാണ് അദ്ധ്യാപകര്‍ പറയുന്നത്. എയര്‍ഗണ്ണായിരുന്നു ഉപയോഗിച്ചത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തുടര്‍ന്ന് പുറത്തേക്ക് ഓടിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ് ഇയാള്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പ് നടന്നിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം മാനസീക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

2020 മുതല്‍ മാനസീക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലുള്ള ആളാണെന്നും പറയുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നും പറയുന്നു. 2021 ല്‍ ഇവിടെ പഠിച്ച ഇയാള്‍ പരീക്ഷ പോലും എഴുതാതെ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചയാളാണെന്ന് അദ്ധ്യാപകരും പറഞ്ഞു. സംഭവത്തില്‍ ആദ്യം പ്രാങ്കാണെന്നായിരുന്നു കരുതിയതെന്നാണ് കുട്ടികളുടെ പ്രതികരണം.