മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നു: പൊലീസിനെതിരെ വിമര്‍ശനവുമായി എ ഐ വൈ എഫ്

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ജനങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നു: പൊലീസിനെതിരെ വിമര്‍ശനവുമായി എ ഐ വൈ എഫ്


കണ്ണൂര്‍:മാവേയിസ്റ്റ് വേട്ടയുടെ പേരില്‍ കണ്ണൂരിന്റെ മലയോര മേഖലയില്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കണമെന്ന് എ ഐ വൈ എഫ് കണ്ണൂര്‍ ജില്ലാ എക്സിക്യൂടീവ് കമിറ്റിയോഗം സര്‍കാരിനോട് ആവശ്യപ്പെട്ടു.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിന്റെ മലയോര മേഖലകളില്‍ പരസ്പരം ഉള്ള വെടിവെപ്പും മറ്റും മലയോര മേഖലയിലെ ജനങ്ങളില്‍ അരക്ഷിതാവസ്ഥ പടര്‍ത്തിയിരിക്കുകയാണ്. മാധ്യമങ്ങളും മറ്റും ഭരണകൂടം ആക്രമിച്ചു എന്നും പൊലീസ് മാവോയിസ്റ്റുകള്‍ക്കെതിരെ വെടിയുതിര്‍ത്തുവെന്നും പറയുമ്പോള്‍ ഇതു സംബന്ധിച്ച നിജസ്ഥിതി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്.

നിരവധി കാലമായി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോയിസ്റ്റ് വേട്ടക്ക് എന്ന പേരില്‍ തണ്ടര്‍ ബോള്‍ട് ഉള്‍പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലത്തില്‍ ഇതെല്ലാം പലപ്പോഴും പൊതുജനത്തിന്റെ സുരക്ഷിത ജീവിതത്തിന് ഭീഷണിയാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയും മറ്റ് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും ജനങ്ങളില്‍ ആശങ്ക കൂട്ടാനും അതുവഴി മാവോയിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് പോലെ പൊതുജനം ഭരണകൂടത്തിനെതിരെ ആവാനും മാത്രമേ സഹായിക്കുകയുള്ളൂ.

ഈ സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടികളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അവരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാകണമെന്നും എ ഐ വൈ എഫ് കണ്ണൂര്‍ ജില്ലാ എക്സിക്യൂടീവ് ആവശ്യപ്പെട്ടു