കൊച്ചി: ഗോവയില്‍ കൊച്ചി സ്വദേശി ജെഫിനെ കൊലപ്പെടുത്തിയ കേസില്‍ കണ്ടെടുത്ത മൃതദേഹം ജെഫിന്റേതു തന്നെയെന്നു സ്‌ഥിരീകരിച്ചു ഡി.എന്‍.എ. റിപ്പോര്‍ട്ട്. ഗോവ മെഡിക്കല്‍ കോളജില്‍ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടുവര്‍ഷം മുമ്പു കാണാതായ കൊച്ചി തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ വീട്ടില്‍ ജെഫ് ജോണ്‍ ലൂയിസിന്റേ(27)താണെന്നു കണ്ടെത്തി. ജെഫിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു ഗോവയില്‍ വച്ചു കൊലപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കണ്ടെത്തിയിരുന്നു.
മറ്റൊരു കേസില്‍ പിടിയിലായ പ്രതി നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു ജെഫിന്റെ കൊലപാതകം തെളിഞ്ഞത്. രണ്ടുവര്‍ഷം മുമ്പു ഗോവയിലെ ബീച്ചിനു സമീപത്തെ കുന്നില്‍നിന്നു കണ്ടെത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജെഫിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ. ശേഖരിച്ചു പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതു മൃതദേഹത്തിന്റെ ഡി.എന്‍.എയുമായി പരിശോധിച്ചാണു ജെഫിന്റെ മൃതദേഹമാണെന്നു സ്‌ഥിരീകരിച്ചത്.
2021 നവംബറില്‍ കാണാതായ ജെഫ് ആ മാസം തന്നെ ഗോവയില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. കുറച്ചു ദിവസങ്ങളായി മകന്‍ തിരികെ എത്താതിരുന്നതോടെ അമ്മ ഗ്ലാഡിസ് ലൂയിസാണ് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ജെഫിന്റെ സുഹൃത്തുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അവസാന ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെ അന്വേഷണം വയനാട് സ്വദേശി അനില്‍ ചാക്കോയില്‍ എത്തി. അനില്‍ ചാക്കോയെ കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്‌തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിന്നീടു മറ്റു നാലുപേര്‍ കൂടി അറസ്‌റ്റിലായി.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അനിലിനും ജെഫിനും ബന്ധമുണ്ടായിരുന്നതായും ലഹരിയുമായി പോകുന്ന അനിലിനെക്കുറിച്ചുള്ള വിവരം ജെഫ് പോലീസിനു കൈമാറിയതിന്റെ വൈരാഗ്യമാണു കൊലപാതകത്തിന്റെ കാരണമെന്നും പോലീസ് പറഞ്ഞു.
അനില്‍ ചാക്കോയും സുഹൃത്തുക്കളും ഗോവയിലെത്തി മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചു ജെഫിനെ വിജനമായ കുന്നിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ചു ജെഫിനെ കൊലപ്പെടുത്തി അഞ്ചുപ്രതികളും ഗോവ വിടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തിനുശേഷമാണ് അന്വേഷണം പ്രതികളിലേക്കെത്തിയത്.
ഡി.എന്‍.എ. റിപ്പോര്‍ട്ട് ലഭിച്ചതോടെ കുറ്റപത്രം തയാറാക്കാനുള്ള ഒരുക്കത്തിലാണു പോലീസ്. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെയടക്കം മൊഴിയെടുക്കുന്നതിനായി പോലീസ് ഉടന്‍ ഗോവയിലേക്കു തിരിക്കും. ജെഫിന്റെ മൃതദേഹ അവശിഷ്‌ടങ്ങള്‍ വിട്ടുകിട്ടാനുള്ള നടപടികള്‍ ബന്ധുക്കളും ആരംഭിച്ചിട്ടുണ്ട്. അറസ്‌റ്റിലായ അഞ്ചു പ്രതികളും റിമാന്‍ഡിലാണ്.
ഗോവയില്‍ കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ കേസ് , പഠനത്തിനായി സൂക്ഷിച്ച മൃതദേഹം കൊച്ചി സ്വദേശി ജെഫിന്റേതെന്നു ഡി.എന്‍.എ. റിപ്പോര്‍ട്ട്
ഗോവയില്‍ കൊച്ചി സ്വദേശിയെ കൊലപ്പെടുത്തിയ കേസ് , പഠനത്തിനായി സൂക്ഷിച്ച മൃതദേഹം കൊച്ചി സ്വദേശി ജെഫിന്റേതെന്നു ഡി.എന്‍.എ. റിപ്പോര്‍ട്ട്