കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
30ലധികം ഉറക്കഗുളിക കഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വ്യക്തത ലഭിക്കണമെങ്കിൽ മൊഴിയെടുക്കണമെന്ന് പൊലീസ് പറയുന്നു. സുഹൃത്തുക്കൾക്ക് അലൻ കത്ത് എഴുതിയതായി പൊലീസിന് സൂചനയുണ്ട്. പന്തീരാങ്കാവ് കേസ് നിലവിൽ വിചാരണ നടക്കുകയാണ്. ഈ വിചാരണ മൂലം പരീക്ഷകൾ തടസ്സപ്പെടുന്ന സാഹചര്യം അലനുണ്ട്. ഇതാവാം ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം.