ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശൻ; അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: മൻസൂർ അലി ഖാനെതിരെ തൃഷ

ലിയോയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശൻ; അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്: മൻസൂർ അലി ഖാനെതിരെ തൃഷ




നടി തൃഷക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ മൻസൂർ അലി ഖാൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയിൽ തൃഷയെ ബലാത്സംഗം ചെയ്യുന്ന സീൻ ഇല്ലാത്തതിനാൽ നിരാശനാണെന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞത്. നടന്റെ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി തൃഷ രംഗത്തെത്തുകയും ചെയ്തു.

തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. തന്റെ എക്സ് ഹാൻഡിലിലൂടെ ആയിരുന്നു തൃഷയുടെ പ്രതികരണം.

ഈയിടെ നടത്തിയ ഒരു വാർത്താ സമ്മേളത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു. തൃഷയുടെ കൂടെയാണോ അഭിനയിക്കുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണും. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ ഇടാമെന്ന് വിചാരിച്ചു. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’, മൻസൂർ അലി ഖാൻ പറഞ്ഞു. ലിയോയിൽ വില്ലൻ വേഷം നൽകാത്തതിലെ നിരാശയും മൻസൂർ അലി ഖാൻ പങ്കുവച്ചിരുന്നു.

ഈ പരാമർശത്തിനെതിരെയാണ് തൃഷ പ്രതികരിച്ചത്. “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്.

ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനഗരാജ് തൃഷയോട് ഐക്യപ്പെട്ടിട്ടുണ്ട്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി എന്ന് ലോകേഷ് തൃഷയുടെ പോസ്റ്റ് പങ്കുവച്ച് എക്സിൽ കുറിച്ചു. സ്ത്രീകളോടും ഒപ്പം ജോലി ചെയ്യുന്നവരോടും ബഹുമാനം കാണിക്കേണ്ടത് എല്ലാ മേഖലയിലും അനിവാര്യമാണ്. പെരുമാറ്റത്തെ താൻ അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വമ്പൻ വിജയമാണ് ലിയോ നേടിയത്. ബോക്സ് ഓഫീസിൽ 615 കോടി രൂപ നേടിയ ചിത്രം തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം പണം വാരിയ പടമാണ്. ഒരിടവേളയ്‌ക്ക് ശേഷം തൃഷയും വിജയിയും ഒന്നിച്ച ലിയോ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ ആണ് ലിയോയ്‌ക്ക് മുന്‍പ് തൃഷ അഭിനയിച്ച സിനിമ.