ഹലാൽ സർട്ടിഫിക്കറ്റോട് കൂടിയ ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ
ലക്‌നൗ: ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉത്പന്നങ്ങൾ നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ഹലാൽ സർട്ടിഫിക്കേഷനുള്ള ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് അടിയന്തര പ്രാബല്യത്തിൽ നിരോധിച്ചത്. അതേസമയം കയറ്റുമതിക്കായി നിർമ്മിക്കുന്ന ഹലാൽ ഉത്പന്നങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാകില്ല. പൊതുജന താത്പര്യാർത്ഥമാണ് നിരോധനമെന്നും ഭക്ഷ്യ കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണെന്നും, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഹലാൽ ടാഗോട് കൂടി വരുന്ന മരുന്നുകൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ തുടങ്ങിയവയ്‌ക്കും ഇതേ നിയന്ത്രണങ്ങൾ ബാധകമാണ്. ഈ നിർദ്ദേശം പാലിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.