ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ആരോപണവുമായി മുന്‍ ലങ്കന്‍ നായകന്‍ അർജുന രണതുംഗ

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ആരോപണവുമായി മുന്‍ ലങ്കന്‍ നായകന്‍ അർജുന രണതുംഗ


ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയില്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ  സെക്രട്ടറി ജയ് ഷായ്‌ക്കെതിരെ ആരോപണവുമായി മുന്‍ ലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ. ജയ് ഷായും ശ്രീലങ്കന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധികൃതരും തമ്മിലുള്ള ബന്ധം കൊണ്ട് എസ് എല്‍ സിയെ തകര്‍ക്കാമെന്നാണ് ബിസിസിഐ കരുതുന്നതെന്ന് രണതുംഗ ആരോപിച്ചു. രണതുംഗയെ ഉദ്ധരിച്ചുകൊണ്ട് ശ്രീലങ്കന്‍ മാധ്യമമായ ഡെയിലി മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2023 ഏകദിന ലോകകപ്പിലെ തിരിച്ചടികള്‍ക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ക്രിക്കറ്റ് ബോര്‍ഡിനെതിരെ ലങ്കയിലെ ജനങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നു. ലങ്കയുടെ മോശം പ്രകടനത്തില്‍ വിശദീകരണവും ക്രിക്കറ്റ് ബോര്‍ഡിന്റെ രാജിയുമായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെ ബോര്‍ഡിനെ പിരിച്ചുവിടുകയും രണതുംഗയെ തലവനാക്കി ഇടക്കാല ഭരണസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ശ്രീലങ്കന്‍ കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ബോര്‍ഡിനെ പുനഃസ്ഥാപിച്ചു.

”ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നിയന്ത്രിക്കുന്നത്. എസ്എല്‍സിയുടെ തകര്‍ച്ചയ്ക്ക് കാരണം ജയ് ഷായില്‍ നിന്നുള്ള സമ്മര്‍ദമാണ്. ഇന്ത്യയിലുള്ള ഒരാള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. ജയ് ഷായ്ക്ക് ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം, ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായ അദ്ദേഹത്തിന്റെ പിതാവാണ്,” 1996 ഏകദിന ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമിന്റെ നായകന്‍ കൂടിയായ രണതുംഗ വ്യക്തമാക്കി.ലോകകപ്പില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തായിരുന്നു ലങ്ക ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള യോഗ്യത നേടാനും ലങ്കയ്ക്ക് കഴിഞ്ഞില്ല.