റാഗിങ്; കണ്ണൂരിൽ ബിരുദ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

റാഗിങ്; കണ്ണൂരിൽ ബിരുദ വിദ്യാർഥിക്ക് ഗുരുതര പരിക്ക്
കണ്ണൂർ: സീനിയർ വിദ്യാർഥികൾ റാഗിങിന് ഇരയാക്കിയതിനെ തുടർന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥി ആശുപത്രിയിൽ. കാഞ്ഞിരോട് നഹർ കോളജിലെ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥി ഉളിയിലെ വി.പി. ഫർഹാനെയാണ് സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർഥികളായ എട്ടോളം പേർ ചേർന്ന് കോളജിൽ നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ ഇടത് ചെവിക്ക് സാരമായി പരിക്കേറ്റ ഫർഹാനെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഇതേ കോളേജിൽ നിരവധി വിദ്യാർഥികൾ റാഗിങിന് ഇരകളായിരുന്നതായി ആരോപണം ഉയർന്നിരുന്നെങ്കിലും ഒതുക്കിത്തീർക്കുകയായിരുന്നു. ഫർഹാന്റെ രക്ഷിതാക്കൾ ചക്കരക്കൽ പോലിസിൽ പരാതി നൽകി.