കോഴിക്കോട്: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കിനാലൂർ കുറുമ്പൊയിലിലെ ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്.
ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആയിരുന്നു സംഭവം. ഒരേ സീറ്റിൽ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്നത പ്രദർശനം നടത്തിയത്.
ഇതേത്തുടർന്ന് പെൺകുട്ടി ബഹളം ഉച്ചത്തിൽ ബഹളം വെച്ചു. തുടർന്ന് യാത്രക്കാരും ബസ് ജീവനക്കാരും ഇടപെട്ട് ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെവെച്ച് ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പൊക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി ഷാനവാസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് താമരശേരി പൊലീസ് അറിയിച്ചു.