ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു

ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി മരിച്ചു. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് യുവാവും യുവതിയും തീ കൊളുത്തി മരിച്ചത്. മരിച്ചത് ഇടുക്കി സ്വദേശി അബിൽ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസ് (20) എന്നിവരാണ് മരിച്ചത്. അബിലും സൗമിനിയും ഒന്നിച്ച് താമസിച്ചുവരുകയായിരുന്നു. സൗമിനി ദാസ് വിവാഹിതയായിരുന്നു. ഇവരുടെ ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതിനെതുടര്‍ന്നാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

കരിമമ്മ അഗ്രഹാരയ്ക്ക് അടുത്ത് ഒരു സ്വകാര്യ കോളേജിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനി ആയിരുന്നു സൗമിനി. അബിൽ ഒരു നഴ്സിങ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍ ഇരുവരും പരസ്പരം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തീകൊളുത്തിയശേഷം ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്ലാറ്റിലെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും തീ അണക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം കണ്ടെത്താന്‍ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.