
ന്യൂഡല്‍ഹി: കണ്ണൂർ ഇരിട്ടിയിൽ കര്ഷകന് ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി സഹകരിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.
നിരവധി കര്‍ഷകരുടെ പണം സഹകരണ സംഘങ്ങളിലുണ്ട്. എന്നാല്‍ കര്‍ഷകരും സഹകരണ സംഘങ്ങളും പ്രതിസന്ധിയിലാണെന്ന് മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന് (71) എന്ന കർഷകൻ ജീവനൊടുക്കിയിരുന്നു. വന്യമൃഗശല്യം മൂലം രണ്ടേക്കര്‍ സ്ഥലവും വീടും ഉപേക്ഷിച്ച് വാടകവീട്ടിലേക്കു താമസം മാറിയ സുബ്രഹ്മണ്യന് വാടകവീടിന്റെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും സങ്കടഹര്‍ജി തയാറാക്കിയ ശേഷമായിരുന്നു ജീവനൊടുക്കിയത്.
വന്യമൃഗശല്യത്തെത്തുടര്‍ന്ന് സുബ്രഹ്മണ്യനും ഭാര്യ കനകമ്മയും രണ്ടര വര്‍ഷമായി നാട്ടുകാര്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി മാറേണ്ടി വരുന്നതിനാല്‍ മറ്റൊരു വീട് നാട്ടുകാര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഇതിനിടെയാണ് സുബ്രഹ്മണ്യന് മരിച്ചത്.