കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെടുത്തു


കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെടുത്തു


കോഴിക്കോട്: കുറ്റിക്കാട്ടൂരിൽനിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം നാടുകാണി ചുരത്തിൽനിന്ന് കണ്ടെത്തി. ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി സൈനബ(59)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്ന് ഇവരുടെ സുഹൃത്തായ മലപ്പുറം തിരൂർ സ്വദേശിയായ സമദ് എന്ന യുവാവ് പൊലീസിന് മൊഴി നൽകിയിരുന്നു. നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദാലി നവംബർ ഏഴിന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശേഷം ഫോണ്‍ സ്വിച്ച്‌ഡ് ഓഫായിരുന്നു. പിറ്റേന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. സൈനബയുടെ രണ്ടു ഫോണും ഇതുവരെ സ്വിച്ച്‌ ഓഫ് ആയ നിലയിലാണ് എന്നും മുഹമ്മദാലി പറയുന്നു. സാധാരണ സൈനബ ടൗണില്‍ പോകാറുണ്ടെന്നും, വൈകീട്ടോടെ വീട്ടില്‍ മടങ്ങി എത്താറാണ് പതിവെന്നും മുഹമ്മദാലി വ്യക്തമാക്കി.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് കസബ പൊലീസ് സമദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈനബയുടെ സ്വർണ്ണാഭരണങ്ങളും ബാഗിലെ പണവും കവരാൻ വേണ്ടി സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാന്റെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന് സമദ് മൊഴി നൽകി. കോഴിക്കോട് മുക്കം ഭാഗത്തു കൂടി കാറിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിൽ തള്ളിയെന്നാണ് മൊഴി.


ഫോണ്‍ വഴിയാണ് സ്ത്രീയെ പരിചയപ്പെടുന്നത് എന്നും സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയത് എന്നും സമദ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ അവര്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കാറില്‍ യാത്ര തിരിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതേത്തുടർന്നാണ് സമദിനെയും കൂട്ടി പൊലീസ് നാടുകാണി ചുരത്തിൽ പരിശോധന നടത്തിയത്.