

ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഒരു ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി) ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ലീമാഖോങ് മിഷന്‍ വെങ് സ്വദേശി ഹെന്‍മിന്‍ലെന്‍ വൈഫെയ് (ഐആര്‍ബി), ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഹുങ്കോ കുക്കി ഗ്രാമത്തിലെ താങ്മിന്‍ലുന്‍ ഹാങ്സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഐആര്‍ബി ഉദ്യോഗസ്ഥരും ഡ്രൈവറും സഞ്ചരിച്ച മാരുതി ജിപ്‌സിക്ക് നേരെയായിരുന്നു അപ്രതീക്ഷിത ആക്രമണം.
ഹാരോഥേലിനും കോബ്ഷ ഗ്രാമത്തിനും ഇടയില്‍ പതിയിരുന്നായിരുന്നു അജ്ഞാതരായ ആയുധധാരികള്‍ ആക്രമണം നടത്തിയത്. വാഹനത്തിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ് ഹെന്‍മിന്‍ലെന്‍ വൈഫെയും താങ്മിന്‍ലുന്‍ ഹാങ്‌സിങ്ങും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, കുക്കി-സോ സമുദായത്തെ പ്രകോപനം കൂടാതെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് കാങ്‌പോക്പി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ യൂണിറ്റി കമ്മിറ്റി ആരോപിച്ചു. കാങ്‌പോപിയില്‍ ‘അടിയന്തര ഷട്ട്ഡൗണ്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് ആദിവാസികള്‍ക്കായി പ്രത്യേക ഭരണസംവിധാനം ഒരുക്കണമെന്ന ആവശ്യവും സിഒടിയു യോഗത്തില്‍ ഉന്നയിച്ചു.