മദ്യ കമ്പനി ഉടമകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്; 200 കോടിയുടെ കളളപ്പണം പിടിച്ചെടുത്തു

മദ്യ കമ്പനി ഉടമകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്; 200 കോടിയുടെ കളളപ്പണം പിടിച്ചെടുത്തു


ഭുവനേശ്വര്‍: ഒഡീഷയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ കള്ളപ്പണം കണ്ടെത്തി. സംസ്ഥാനത്തെ വിവിധ മദ്യ നിര്‍മാണ, വില്‍പന സ്ഥാപനങ്ങളിലും അവയുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. ഒഡീഷയിലെ ആറോളം കേന്ദ്രങ്ങളില്‍ ഇന്നലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇതുവരെ 200 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.

പ്രമുഖ മദ്യ നിര്‍മാണ സ്ഥാപനങ്ങളായ ശിവ് ഗംഗ ആന്റ് കമ്പനി, ബൗധ് ഡിസ്റ്റിലറി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകള്‍ തുടരുന്നത്. മദ്യ വില്‍പനയുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെയ്ക്കുകയും വ്യാജ രേഖകള്‍ തയ്യാറാക്കി നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നുവെന്ന് കാണിച്ച് അദായ നികുതി വകുപ്പിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. മദ്യ വില്‍പനയുടെ നല്ലൊരു ഭാഗം കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കാതെ കമ്പനികള്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

2019 മുതല്‍ 2021വരെയുള്ള കാലായളവില്‍ ലാഭം കുറച്ച് കാണിക്കുകയും അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള ചെലവുകള്‍ പെരുപ്പിക്കുകയും ചെയ്തു. കമ്പനി ഉടമകളുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലാണ് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കണ്ടെത്തിയത്.