ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു; ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്‌ബോളിന് ഇന്ന് തുടക്കം

ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു; ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്‌ബോളിന് ഇന്ന് തുടക്കം
ജിദ്ദ: ജിദ്ദ വേദിയാവുന്ന ഫിഫ ക്ലബ് ലോകകപ്പ് 2023 ഫുട്‌ബോളിന് ഇന്ന് തുടക്കം കുറിക്കും. സൗദി കായിക മന്ത്രാലയവും ഫിഫയും വിപുലമായ ഒരുക്കമാണ് പൂര്‍ത്തിയാക്കിയത്. ഡിസംബര്‍ 22 വരെ നീണ്ടു നില്‍ക്കുന്ന മത്സരത്തിലേക്ക് ഏഴ് ടീമുകളാണ് മാറ്റുരക്കാനെത്തുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് വലിയൊരു ആഗോള ഫുട്ബാള്‍ ഇവന്റ് ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന വേദിയാകാനും ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കാനും ജിദ്ദ നഗരം ഒരുങ്ങിക്കഴിഞ്ഞു.

ഏഴ് ക്ലബുളുടെ ഔദ്യോഗിക നിറങ്ങളും മുദ്രകളുമായി സ്വാഗത ബോര്‍ഡുകള്‍ ജിദ്ദ വിമാനത്താവളത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ടീമുകളെയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് ക്ലബുകളില്‍ നിന്നുള്ള പ്രധാന വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂര്‍ണമെന്റ് ടിക്കറ്റ് നേടിയവര്‍ എന്നിവരെയും സ്വീകരിച്ച് യാത്രാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ‘ഫാസ്റ്റ് ട്രാക്ക്’ സേവനവും ഒരുക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജിദ്ദയില്‍ വെച്ചാണ് നടന്നത്.

സൗദി റോഷന്‍ ലീഗ് ചാമ്പ്യന്മാരായ അല്‍-ഇത്തിഹാദ്, യുകെയിലെ മാഞ്ചസ്റ്റര്‍ സിറ്റി, ജപ്പാനിലെ ഉറവ, ഈജിപ്തിലെ അല്‍-അഹ്ലി, മെക്‌സികൊയിലെ ലിയോണ്‍, ബ്രസീലിലെ ഫ്‌ലുമിനെന്‍സ്, ന്യൂസിലന്‍ഡിലെ ഓക്ക്ലന്‍ഡ് സിറ്റി എന്നീ ടീമുകളാണ് മത്സരിക്കാന്‍ യോഗ്യത നേടിയത്. ആദ്യ മത്സരം അല്‍-ഇത്തിഹാദും ഓക്‌ലന്‍ഡ് സിറ്റിയും തമ്മിലാണ്. ഡിസംബര്‍ 22 നാണ് ഫൈനല്‍ മത്സരം. സൗദി അറേബ്യ ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് വേദിയാകുന്നത്. നിലവിലെ ഫോര്‍മാറ്റില്‍ നടക്കുന്ന അവസാനത്തെ ക്ലബ് ലോകകപ്പ് മത്സരമാണിത്.