ചന്ദ്രനെ ലക്ഷ്യമിട്ട് പെരെഗ്രിൻ ലൂണാർ ലാൻഡർ: ഡിസംബർ 24ന് വിക്ഷേപിക്കുംചന്ദ്രനെ ലക്ഷ്യമിട്ട് പെരെഗ്രിൻ ലൂണാർ ലാൻഡർ: ഡിസംബർ 24ന് വിക്ഷേപിക്കും


ചന്ദ്രനെ ലക്ഷ്യമിട്ട് കുതിക്കാനൊരുങ്ങി പെരെഗ്രിൻ ലൂണാർ ലാൻഡർ. പ്രമുഖ സ്വകാര്യ കമ്പനിയായ ആസ്ട്രോബയോട്ടിക് ടെക്നോളജി വികസിപ്പിച്ച പേടകമാണ് പെരെഗ്രിൻ ലൂണാർ ലാൻഡർ. നാസയുടെ കൊമേഴ്സ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിന്റെ ഭാഗമായാണ് സ്വകാര്യ കമ്പനി പേടകം വികസിപ്പിച്ചിരിക്കുന്നത്. ഡിസംബർ 24നാണ് പേടകം വിക്ഷേപിക്കുക. ഇവ വിജയകരമായാൽ ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമെന്ന നേട്ടം പെരെഗ്രിൻ ലൂണാർ ലാൻഡറിന് സ്വന്തമാകും.

ഫ്ലോറിഡയിൽ കേപ്പ് കനവറൽ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ വുൾക്കാൻ സെന്റൊർ റോക്കറ്റിലാണ് വിക്ഷേപണം. വിവിധ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ള പെരെഗ്രിൻ ലൂണാർ ലാൻഡറിന്റെ ഉയരം 1.9 മീറ്ററും, വീതി 2.5 മീറ്ററുമാണ്. ചന്ദ്രനിലെ സൈനസ് വിസ്കോസിറ്റാറ്റിസ് പ്രദേശം ലക്ഷ്യമാക്കിയാണ് ലാൻഡർ വിക്ഷേപിക്കുക.


ചന്ദ്രന്റെ എക്‌സോസ്ഫിയറിനെ കുറിച്ച് പഠിക്കുക, ചന്ദ്രനിലെ റെഗോലിത്തിന്റെ താപഗുണങ്ങളും ഹൈഡ്രജന്‍ സാന്നിധ്യവും വിലയിരുത്തുക, കാന്തിക മണ്ഡലങ്ങളെ കുറിച്ച് പഠിക്കുക, വികിരണങ്ങളെ കുറിച്ച് പഠിക്കുക, പുതിയ സോളാര്‍ പാനലുകള്‍ പരീക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പെരിഗ്രിന്‍ പേടകം വിക്ഷേപിക്കുന്നത്.