സപ്ലൈകോ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഉപേക്ഷിക്കുന്നു

സപ്ലൈകോ ക്രിസ്മസ് പുതുവത്സര പ്രത്യേക വിപണി ഉപേക്ഷിക്കുന്നു

സാധാരണ രീതിയിൽ എല്ലാ വർഷങ്ങളിലും ക്രിസ്മസ് പുതുവത്സര ഉത്സവ വേളയിൽ സപ്ലൈകോയിൽ നടത്തിവന്നിരുന്ന പ്രത്യേക വിപണി ഈ വർഷം ഇല്ല. വർഷങ്ങളായി നടത്തിവരുന്ന വിപണി സാമ്പത്തിക പ്രതിസന്ധി കാരണം ഇത്തവണ ഉപേക്ഷിക്കുന്നു. അവശ്യസാധനങ്ങൾ പോലും ലഭിക്കാതെ സാധാരണക്കാർ.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അവശ്യസാധനങ്ങൾ പോലും സപ്ലൈകോയിൽ കിട്ടാനില്ലെന്ന് സംസ്ഥാനത്തുടനീളം ഉള്ള ഔട്ട്ലെറ്റുകളിൽ നിന്നും രൂക്ഷമായ പരാതിയാണ് ഉയരുന്നത്.കോടികളുടെ കുടിശികയാണ് നിലവിൽ സപ്ലൈകോയ്ക്ക് ഉള്ളത്.

പണം കൊടുക്കാത്തതിനാൽ കരാറുകാർ സാധനങ്ങൾ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഉത്സവകാല പ്രത്യേക വിപണി പോയിട്ട് അവശ്യസാധനങ്ങൾ പോലും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സപ്ലൈകോയ്ക്ക് ഉള്ളത്.

നിലവിൽ 862 കോടി രൂപയാണ് സപ്ലൈകോ കരാറുകാർക്ക് നൽകാനുള്ളത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് നേരത്തെ സപ്ലൈകോ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാർ ആരും താല്പര്യം കാണിച്ചില്ല. സപ്ലൈകോയിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ 500 കോടി രൂപ ലഭ്യമാക്കണമെന്ന് ഭക്ഷവകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല.