ഡോ. ഷഹ്ന ആത്മഹത്യാ കേസ്; ഡോക്ടർ റുവൈസ് റിമാൻഡിൽ, ചോദ്യം ചെയ്യൽ തുടരുന്നു

ഡോ. ഷഹ്ന ആത്മഹത്യാ കേസ്; ഡോക്ടർ റുവൈസ് റിമാൻഡിൽ, ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്. ഡിസംബര്‍ 21 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡോ. റുവൈസിന്‍റെ ഫോൺ സൈബർ പരിശോധനയ്‌ക്ക് നൽകാൻ തീരുമാനിച്ചെന്നും പോലീസ് വ്യക്തമാക്കി. റുവൈസിനെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, കരുനാ​ഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽകോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷയം വിവാദമായതോടെ റുവൈസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സസ്‌പെൻഷൻ. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വീണ ജോർജ് പറഞ്ഞു.

അതേസമയം, യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്നും സംഭവത്തില്‍ നിയമപരമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.