കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി

കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി



ഡൽഹി : കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിര്‍മാണം അനന്തമായി തടയാനാകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ കണ്ണൂർ കോടതി സമുച്ചയ നിര്‍മാണംഅനുവദിക്കരുതെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ആവശ്യത്തിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കോടതികളുടെ പ്രവർത്തനത്തെ അനന്തമായി ബാധിക്കുന്ന തരത്തിലുള്ള തീരുമാനം എടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിര്‍മാണം സംബന്ധിച്ച തൽസ്ഥിതി അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമാണത്തിന് നിർമ്മാൺ കൺസ്ട്രക്ഷൻസ് ആയിരുന്നു. എന്നാൽ, നിർമ്മാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നിർമ്മാൺ കൺസ്ട്രക്ഷൻസ് ഉടമ മുഹമ്മദ് അലി നൽകിയ ഹർജിയിയിൽ സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സ്റ്റേ ചെയ്തതിനാൽ നിർമാണ നടപടിയുമായി തങ്ങൾ മുന്നോട്ട് പോകുകയാണെന്ന് മുഹമ്മദ് അലിയുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.

കണ്ണൂരിലെ നിലവിലെ കോടതി പഴകിപൊളിഞ്ഞ അവസ്ഥയിലാണ്. പുതിയ കോടതി സമുച്ചയം പണിയുമ്പോൾ നിലവിലെ കോടതിയുടെ പ്രവർത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതാണ്. എന്നാൽ പുതിയ സ്ഥലം കണ്ടെത്തി തരുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായി. നിലവിലെ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചതായും നിർമ്മാൺ കൺസ്ട്രക്ഷൻ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നതുവരെ നിർമാണം അനുവദിക്കരുതെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തങ്ങൾക്ക് അനുവദിച്ച കരാറാണെന്നും ഒരു സ്റ്റേ ഉത്തരവിന്റെ ബലത്തിൽ നിർമ്മാണം ആരംഭിക്കാൻ അനുവദിക്കരുതെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ അഭിഭാഷകൻ വാദിച്ചു.

നിർമ്മാണ നടപടികൾ സംബന്ധിച്ച തൽസ്ഥിതി എന്താണെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം അന്വേഷിച്ച് പറയാമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും കോടതിയെ അറിയിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളിൽ തൽസ്ഥിതി സംബന്ധിച്ച വിവരം അറിയിക്കാൻ ആണ് കോടതി നിർദേശം. സർക്കാർ തങ്ങൾക്ക് അനുകൂലമായ നിലപാടാണ് ഹൈക്കോടതിയിൽ സ്വീകരിച്ചതെങ്കിലും സുപ്രീം കോടതിയിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു.