മകൻ കാമുകിക്കൊപ്പം ഒളിച്ചോടി, അമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ

മകൻ കാമുകിക്കൊപ്പം ഒളിച്ചോടി, അമ്മയെ നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് പെൺകുട്ടിയുടെ വീട്ടുകാർബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ നിന്നും പുറത്തുവരുന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. മകൻ കമ്മുക്കൊപ്പം ഒളിച്ചോടിയതിന്, അമ്മയെ ക്രൂരമായി മർദ്ദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. ഞായറാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെ വീട്ടിൽ നിന്ന് വലിച്ചിറക്കി, നഗ്നയാക്കി, തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ, സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും രംഗത്തെത്തി.

യുവതിയുടെ മകൻ കുറച്ചുകാലമായി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകൾ സ്ത്രീയുടെ മകനോടൊപ്പം ഒളിച്ചോടിയെന്ന വാർത്തയറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ ആൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഇയാളുടെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കുകയും തൂണിൽ കെട്ടിയിട്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ബെലഗാവി മാത്രമല്ല, ഞങ്ങളുടെ സർക്കാർ എല്ലായിടത്തും കർശനമാണ്. എന്ത് കുറ്റം ചെയ്താലും കുറ്റം ചെയ്യുന്നവർക്കെതിരെ ഞങ്ങൾ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബെൽഗാമിൽ ഒരു സ്ത്രീയെ നഗ്നയാക്കുകയും തൂണിൽ കെട്ടിയിട്ട് ആക്രമിക്കുകയും ചെയ്തത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ഇത് സമൂഹത്തെയാകെ തലകറക്കിയിട്ടുണ്ട്. ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരു കാരണവശാലും നമ്മുടെ സർക്കാർ വെച്ചുപൊറുപ്പിക്കില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുറ്റവാളികൾ കഠിനമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുന്നതിലൂടെ ദുരിതബാധിതരായ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ താൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.