ചെന്നൈയില്‍ മഴ കുറഞ്ഞു, വെള്ളക്കെട്ടും ദുരിതവും തുടരുന്നു, മരണം എട്ടായി ; ആന്ധ്രയില്‍ എട്ടു ജില്ലകള്‍ക്ക് മുന്നറിയിപ്പ്

ചെന്നൈയില്‍ മഴ കുറഞ്ഞു, വെള്ളക്കെട്ടും ദുരിതവും തുടരുന്നു, മരണം എട്ടായി ; ആന്ധ്രയില്‍ എട്ടു ജില്ലകള്‍ക്ക് മുന്നറിയിപ്പ്


ചെന്നൈ: മിച്ചൗംഗ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ചെന്നൈയില്‍ പെയ്തിരുന്ന കനത്ത മഴയ്ക്ക് ഇന്ന് രാവിലെയോടെ തല്‍ക്കാലം ശമനം. നഗരത്തില്‍ മഴ കുറഞ്ഞു തുടങ്ങിയെങ്കിലും പലയിടത്തും വെള്ളക്കെട്ടുകള്‍ തുടരുകയാണ്. ഇതുവരെ എട്ടിലധികം ജീവനുകളാണ് വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പൊലിഞ്ഞത്. ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് നീങ്ങിയിരിക്കുകയാണ്.

കടകള്‍ തുറന്നു മെട്രോ, ബസ് സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്റെ സൂചനകളും വരുന്നുണ്ട്. രാവിലെ 10.45 ന് മുംബൈയില്‍ നിന്നുള്ള വിമാനം ഇറങ്ങും. 1,500 യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രാവിലെ അഞ്ചു മണി മുതല്‍ മെട്രോ സര്‍വീസും തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈയില്‍ മഴ മാറിയിട്ടുണ്ടെങ്കിലും നഗരത്തിന്റെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത വെള്ളപ്പൊക്കമുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ രീതിയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കെടുതിയില്‍ എട്ടു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്‌കൂളുകളും കോളേജുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ജീവനക്കാര്‍ ഇപ്പോഴും വര്‍ക്ക് ഫ്രം ഹോമില്‍ തന്നെയാണ്. ചെന്നൈയില്‍ കനത്ത മഴക്കെടുതികള്‍ ഉണ്ടാക്കിയ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തുടങ്ങിയ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്ത് പ്രവേശിക്കും. ആന്ധ്രയിലെ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുപ്പതി, നെല്ലൂര്‍, പ്രകാശം, ബാപാറ്റ്‌ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനാഡ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മണിക്കൂറില്‍ 90-100 കി.മീ വേഗതയില്‍, മണിക്കൂറില്‍ 110 കി.മീ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് ശക്തമായ ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്ന്-ഒന്നര മീറ്റര്‍ ഉയരത്തില്‍ തിരമാല അടിക്കുമെന്നും ആന്ധ്രയുടെ തെക്കന്‍തീരദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലാകുമൊണ് കരുതുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. എല്ലാ ചുഴലിക്കാറ്റ് ബാധിത ജില്ലകള്‍ക്കും പ്രത്യേക ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.