വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: ബലാത്സംഗവും കൊലപാതകവും തെളിയിക്കാന്‍ കഴിഞ്ഞില്ല ; പ്രതി അര്‍ജുനെ വെറുതേ വിട്ടു

വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: ബലാത്സംഗവും കൊലപാതകവും തെളിയിക്കാന്‍ കഴിഞ്ഞില്ല ; പ്രതി അര്‍ജുനെ വെറുതേ വിട്ടുഇടുക്കി: വണ്ടിപ്പെരിയാറ്റില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയാക്കപ്പെട്ട അര്‍ജുനെ കോടതി വെറുതെ വിട്ടു. ബലാത്സംഗവും കൊലപാതകവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതേ വിട്ടത്. 2021 ജൂണ്‍ 30 നായിരുന്നു ക്രൂരമായ പീഡനത്തിന് ഇരയായി ആറു വയസ്സുകാരി കൊല്ലപ്പെട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതിയായിരുന്നു കേസ് പരിഗണിച്ചത്.

കേസില്‍ പോലീസ് ഹാജരാക്കിയത് കൃത്രിമ സാക്ഷികളെയാണെന്നും പ്രതികളെ കൃത്യമായി പിടികൂടാന്‍ പുനരന്വേഷണം വേണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അപ്പീല്‍ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വിധിയോട് വൈകാരികമായിട്ടാണ് കുഞ്ഞിന്റെ ബന്ധുക്കള്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് മാതാവ് പറഞ്ഞു.

48 പേരെ വിസ്തരിക്കുകയും 69 ലധികം രേഖകള്‍ ഹാജരാക്കുകയും 16 വസ്തുക്കള്‍ തെളിവായി നിരത്തുകയും ചെയ്ത കേസ് അന്വേഷിച്ചത് വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ കുടുംബത്തോടൊപ്പം എന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു. പ്രതിയ്ക്ക് വേണ്ടി ഇടപെടല്‍ നടത്തിയെന്ന ആരോപണം തള്ളുകയും ചെയ്തിട്ടുണ്ട്.

2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിരുന്നു. അതേസമയം പട്ടികജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചേര്‍ക്കണമെന്ന ആവശ്യം നേരത്തേ തന്നെ കോടതി തള്ളിയിരുന്നു. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് കേസ്.

കഴുത്തില്‍ ഷാള്‍ കുരുങ്ങിയതാണ് മരണകാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും തിരിച്ചറിയുകയായിരുന്നു. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു എന്നും മാതാപിതാക്കള്‍ പണിക്കു പോകുന്ന സമയം മുതലെടുത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.