തളിപ്പറമ്പ് പട്ടുവത്ത് കാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓടോറിക്ഷയിലെ യാത്രക്കാര്‍ക്ക് പരുക്ക്; അപകടത്തില്‍പെട്ടത് ഒരു കുടുംബത്തിലെ ഏഴുപേര്‍

തളിപ്പറമ്പ് പട്ടുവത്ത് കാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓടോറിക്ഷയിലെ യാത്രക്കാര്‍ക്ക് പരുക്ക്; അപകടത്തില്‍പെട്ടത് ഒരു കുടുംബത്തിലെ ഏഴുപേര്‍


കണ്ണൂര്‍: കാട്ടുപന്നി ഇടിച്ചു മറിഞ്ഞ ഓടോറിക്ഷയിലെ യാത്രക്കാര്‍ക്ക് പരുക്കേറ്റു. തളിപ്പറമ്പ് പട്ടുവം പോത്തടയിലെ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ഉള്‍പെടെ ഏഴ് പേര്‍ക്കാണ് പരുക്കേറ്റത്. പട്ടുവം കച്ചേരി-വെളിച്ചാങ്കീല്‍ റോഡില്‍ പോത്തടയില്‍ വച്ച് ഞായറാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്.


പട്ടുവം കടവിലെ മുസ്ലിം പള്ളിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്ന പോത്തടയിലെ മുതുകുട മഠത്തില്‍ നവാസ്, ഭാര്യ ബുശ്റ, മക്കളായ മുഹമ്മദ് ആശിഖ്, അല്‍ അമീന്‍, ആറു മാസം പ്രായമായ മകള്‍ ഖദീജ, സഹോദരിയുടെ മക്കളായ മുഹമ്മദ്, ശഫ്ന എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവര്‍ക്ക് തളിപ്പറമ്പ് സഹകരണ ആശുപത്രില്‍ ചികിത്സ നല്‍കി.

നവാസിന്റെ ഓടോറിക്ഷയില്‍ ഇടിച്ച കൂറ്റന്‍ കാട്ടുപന്നി തേറ്റ കൊണ്ട് വാഹനം മറിച്ചിടുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഓടോറിക്ഷ ഉയര്‍ത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.