തൃത്താലയിൽ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന, നിര്‍ത്തി ആശുപത്രിയിൽ എത്തിയെങ്കിലും മരിച്ചു

തൃത്താല: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകും വഴി കൂട്ടുപാതയിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫൈസൽ വണ്ട് റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്തി. കാര്യങ്ങളെല്ലാം ബസിലെ ആയയോട് പറ‍ഞ്ഞേൽപ്പിച്ച ശേഷം, സുഹൃത്തിനെ വിളിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. ആയ വിളിച്ച് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഡ്രൈവര്‍ വൈകാതെ എത്തി കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഖബറടക്കം രാത്രി 10 മണിക്ക് വി.കെ.കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.പിതാവ് പരേതനായ അബ്ദുറസാക്ക് , മാതാവ് മറിയ, ഭാര്യ ആയിഷ, മക്കൾ മിസ്ന , ഫയാസ്.