വിരലടയാളം പതിഞ്ഞില്ലെങ്കിലും ഇനി ആധാർ ലഭിക്കും! മാർഗ്ഗനിർദേശങ്ങളിൽ പുതിയ മാറ്റവുമായി കേന്ദ്രം



വിരലടയാളം പതിഞ്ഞില്ലെങ്കിലും ഇനി ആധാർ ലഭിക്കും! മാർഗ്ഗനിർദേശങ്ങളിൽ പുതിയ മാറ്റവുമായി കേന്ദ്രം


ന്യൂഡൽഹി: ആധാറുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിച്ച് കേന്ദ്രസർക്കാർ. വിരലടയാളം പതിപ്പിക്കാതെ തന്നെ ആധാർ ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നേരത്തെ ആധാർ ലഭിക്കുന്നതിന് വിരലടയാളവും, ഐറിസ് സ്കാനും നിർബന്ധമാക്കിയിരുന്നു. എന്നാൽ, പുതുക്കിയ മാനദണ്ഡം അനുസരിച്ച് വിരലടയാളം നൽകാൻ കഴിയാത്തവർക്ക് ഇനി മുതൽ ഐറിസ് സ്കാൻ ചെയ്ത്, ആധാർ നേടാവുന്നതാണ്. അതേസമയം, ഐറിസ് സ്കാൻ ചെയ്യാൻ കഴിയാത്തവർക്ക് വിരലടയാളം നൽകിയാൽ മതിയാകും.

ഐറിസ് സ്കാൻ, വിരലടയാളം പതിപ്പിക്കൽ എന്നിവ രണ്ടും സാധ്യമാകാത്തവർക്കും എൻറോൾ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി എൻറോൾ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തണം. ഇവ അസാധാരണ എൻറോൾമെന്റായി പരിഗണിച്ചാണ് ആധാർ അനുവദിക്കുക. ആധാർ എൻറോൾമെന്റ് ഓപ്പറേറ്റർമാർക്ക് ഇതുമായി ബന്ധപ്പെട്ട പരിശീലനം ഉടൻ തന്നെ നൽകുന്നതാണ്. വിരലടയാളം തെളിയാത്തതിന്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസി മോളുടെ ദുരവസ്ഥ പുറത്തുവന്നതിന് പിന്നാലെയാണ് ആധാർ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്.