വിനോദയാത്രയ്ക്ക് പോയ പ്ലസ്ടു വിദ്യാർഥിനികൾക്ക് ബോധക്കേടും അസ്വസ്ഥതയും: നൽകിയ ഭക്ഷണത്തിൽ ലഹരി കലർത്തിയെന്ന് സംശയം

വിനോദയാത്രയ്ക്ക് പോയ പ്ലസ്ടു വിദ്യാർഥിനികൾക്ക് ബോധക്കേടും അസ്വസ്ഥതയും: നൽകിയ ഭക്ഷണത്തിൽ ലഹരി കലർത്തിയെന്ന് സംശയം



കൊല്ലം: ശാരീരിക അവശതകളെത്തുടർന്നു വിനോദ യാത്രയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനികൾ ചികിത്സയിലായ സംഭവത്തിൽ അന്വേഷണം തുടങ്ങി. രഹസ്യാന്വേഷണ വിഭാഗം സ്കൂളിലെത്തി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ശാസ്താംകോട്ട ഗവ.എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികളും അധ്യാപകരും നടത്തിയ യാത്രയിലാണു സംഭവം.

മൈസൂരു, കുടക് അടക്കമുള്ള വിവിധ സ്ഥലങ്ങളെ ഉൾപ്പെടുത്തി രണ്ടു ടൂറിസ്റ്റ് ബസുകളിലായിരുന്നു യാത്ര. യാത്രയ്ക്കിടെ പുറത്തു നിന്നു കഴിച്ച മഷ്റൂം ചോക്ലേറ്റിലും ജ്യൂസിലും ലഹരി കലർന്നിരുന്നതായി സംശയമുണ്ടെന്നും ഇതാണ് ബുദ്ധിമുട്ടിനു കാരണമായതുമെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം.

യാത്രയ്ക്കിടയിൽ വയ്യാതായപ്പോൾ ഒരു പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. തിരിച്ചെത്തുന്നതിനിടെ അബോധാവസ്ഥയിലായ മറ്റൊരു പെൺകുട്ടിയെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇരുവരും ചികിത്സയിൽ തുടരുകയാണ്.

എന്നാൽ വിദ്യാർഥിനികൾ ഭക്ഷ്യവിഷബാധ കാരണമാണു ചികിത്സ തേടിയതെന്നും മറിച്ചുള്ള പരാതികളിൽ അടിസ്ഥാനമില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.