UDF-17, LDF-10, BJP-4; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം




UDF-17, LDF-10, BJP-4; തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം


കോൺഗ്രസ്-സിപിഎം റാലികൾ (ഫയൽ) |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻനേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാർട്ടിയും ജയിച്ചു.



14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിന്റെ 10 ഉം യുഡിഎഫിന്റെ 11 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകൾ ഉൾപ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.



തിരഞ്ഞെടുപ്പ് ഫലം ജില്ലകൾ തിരിച്ച്



തിരുവനന്തപുരം


അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അർച്ചന 173 വോട്ടുകൾക്കാണ് വിജയിച്ചത്.

കൊല്ലം

-തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് കടത്തൂർ കിഴക്ക് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എം.മുകേഷ് ആണ് വിജയിച്ചത്.

- പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് മയ്യത്തും കര എസ്ഡിപിഐയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി ഷീബയാണ് വിജയിച്ചത്.


- ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാർഡ് ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാർഥി ഹരിത അനിൽ ബിജെപിയുടെ രോഹിണിയെ 69 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

- കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് വായനശാല സിപിഎം നിലനിർത്തി. സിപിഎം സ്ഥാനാർഥി ശ്യാം എസ്സ് ആണ് വിജയിച്ചത്.


പത്തനംതിട്ട

- മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയിൽ സിറ്റിങ് സീറ്റിൽ സിപിഎം ഒരു വോട്ടിന് ജയിച്ചു.

സിപിഎമ്മിലെ അശ്വതി പി.നായർക്ക് 201 വോട്ടുകൾ നേടിയപ്പോൾ തൊട്ടുപിന്നിലുള്ള എതിർസ്ഥാനാർഥിക്ക് 200 വോട്ടുകളാണ് ലഭിച്ചത്.

- റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാർഡ് ബിജെപിയിൽ നിന്ന് സിപിഎം പിടിച്ചെടുത്തു.


ആലപ്പുഴ

- കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡിൽ ബിജെപിക്ക് ജയം . ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സന്തോഷ് കണിയാംപറമ്പിൽ സിപിഎമ്മിലെ അബ്ദുൾനാസറിനെ 182 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.


- ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡ് തിരുവൻ വണ്ടൂർ ബിജെപി നിലനിർത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.


കോട്ടയം

- ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാർഡ് എസ്ഡിപിഐ നിലനിർത്തി. എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ ലത്തീഫാണ് ജയിച്ചത്.


- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കൽ കൂട്ടിക്കൾ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

- വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡ് അരീക്കര എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മാത്യുവാണ് ജയിച്ചത്.


- തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 30 വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി ഷാജി കുന്നിലാണ് വിജയിച്ചത്.


ഇടുക്കി

- ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാർഡിൽ സിപിഎം സ്ഥാനാർഥിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്.


- കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാർഡ് നെടിയ കാട് കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ബീന കുര്യൻ ആണ് വിജയിച്ചത്.


എറണാകുളം

- വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലിൽ കോൺഗ്രസ് സ്ഥാനാർഥി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.


- രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് കോരങ്കടവിൽ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി ആന്റോസ് പി.സ്കറിയ ജയിച്ചു. 100 വോട്ടുകൾക്കാണ് ജയം.


തൃശൂർ- മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ വിജയിച്ചത്. യുഡിഎഫിലെ നിതയാണ് ഇത്തവണ വിജയിച്ചത്.

പാലക്കാട്
- പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷൻ വാണിയംകുളം സിപിഎം നിലനിർത്തി. സിപിഎമ്മിലെ അബ്ദുൾ ഖാദറാണ് ജയിച്ചത്.
- ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാർഡിൽ ബിജെപി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.
- മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട് ഡിവിഷനിൽ യുഡിഎഫിന് ജയം.കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. യുഡിഎഫ് സ്ഥാനാർഥി പ്രത്യുഷ്കുമാറാണ് വിജയിച്ചത്.
- പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സിപി മുഹമ്മദ് 142 വോട്ടുകൾക്കാണ് ജയിച്ചത്.

- തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എം.കെ.റഷീദ് തങ്ങൾ 93 വോട്ടുകൾക്ക് ജയിച്ചു.
- വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂർത്തി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 325 വോട്ടുകൾക്ക് യുഡിഎഫിലെ സതീഷ്കുമാറാണ് വിജയിച്ചത്.

മലപ്പുറം
- ഒഴൂർ ഗ്രാമ പഞ്ചായത്തിലെ ഒഴൂർ വാർഡിൽ എൽഡിഎഫ് ജയിച്ചു. ബിജെപിയുടെ സിറ്റീങ് സീറ്റാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഇവിടെ ബിജെപി ഇത്തവണ മൂന്നാമതായി.സിപിഎമ്മിലെ കെ.രാധ കോൺഗ്രസിലെ കച്ചേരിതറ സുരയെ 51 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

കോഴിക്കോട്
- വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി അനസ് നങ്ങാണ്ടി 444 വോട്ടുകൾക്ക് ജയിച്ചു.
- വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയൽ വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ പ്രകാശൻ മാസ്റ്ററാണ് ജയിച്ചത്.
- മടവൂർ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂർ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സിറാജ് 234 വോട്ടുകൾക്ക് ജയിച്ചു.
- മാവൂർ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മൽ വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗ് സ്ഥാനാർഥി വളപ്പിൽ റസാഖ് 271 വോട്ടുകൾക്ക് ജയിച്ചു.

വയനാട്
- മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ ആലി 83 വോട്ടുകൾക്ക് ജയിച്ചു.

കണ്ണൂർ
- പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാർഡ് ചൊക്ലി സിപിഎം നിലനിർത്തി. സിപിഎമ്മിലെ തീർത്ഥ അനൂപാണ് വിജയിച്ചത്.

കാസർഗോഡ്
- പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ അബ്ദുള്ള സിംഗപ്പൂർ 117 വോട്ടുകൾക്ക് ജയിച്ചു.