സുകുമാര്‍ അഴീക്കോട് മരിച്ചിട്ട് 12 വര്‍ഷമായിട്ടും ചിതാഭസ്മം ഇപ്പോഴും കിടപ്പുമുറിയിലെ അലമാരയില്‍

സുകുമാര്‍ അഴീക്കോട് മരിച്ചിട്ട് 12 വര്‍ഷമായിട്ടും ചിതാഭസ്മം ഇപ്പോഴും കിടപ്പുമുറിയിലെ അലമാരയില്‍



തൃശൂര്‍: മലയാള സാഹിത്യകാരന്മാരുടെ ഇടയില്‍ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന സുകുമാര്‍ അഴീക്കോട് വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 12 വര്‍ഷം. എന്നാല്‍ മരിച്ചിട്ട് ഇത്രയും വര്‍ഷമായിട്ടും ചിതാഭസ്മം എരവിമംഗലത്തെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചിതാഭസ്മം എന്ത് ചെയ്യണമെന്ന് അഴീക്കോട് വില്‍പത്രത്തില്‍ എഴുതിവച്ചിട്ടില്ലെന്നും എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിക്കാന്‍ ആരുമില്ലെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ പറഞ്ഞു.

Read Also: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി കാസർഗോട്ടെ കെപിസിസി അംഗം കെ.കെ നാരായണൻ ബിജെപിയിലേക്ക്

നിരന്തരം ഇടപെട്ടും തിരുത്തിയും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ മുന്നോട്ടു നയിച്ച വാഗ്മിയും ചിന്തകനുമായിരുന്നു ഡോ സുകുമാര്‍ അഴീക്കോട്. വിടവാങ്ങി പന്ത്രണ്ട് കൊല്ലത്തിനിപ്പുറം എരവിമംഗലത്തെ വീട് സാംസ്‌കാരിക വകുപ്പിന് കീഴില്‍ സ്മാരകമാണ്. കുടുക്കയിലടച്ചു വെയ്ക്കാന്‍ അഴീക്കോട് മാഷ് ഭൂതമല്ലെന്ന് കഴിഞ്ഞ 12 വര്‍ഷക്കാലവും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ സാംസ്‌കാരിക വകുപ്പിനോടും സര്‍ക്കാരിനോടും സാഹിത്യ അക്കാദമിയോടുമൊക്കെ പറഞ്ഞതാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ വിജേഷ് ഇടക്കുനി പറയുന്നു.

ചിതാഭസ്മം അലമാരയിലടച്ചതിന് സാഹിത്യ അക്കാദമി അധ്യക്ഷന് പറയാനുള്ളത് ഇതാണ്- ‘ചിതാഭസ്തമത്തെ കുറിച്ച് അഴീക്കോട് ഒന്നും അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടില്ല. എന്തുചെയ്യണമെന്ന് ഞങ്ങളെ ഉപദേശിക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ ഇഷ്ടംപോലെ കടലിലൊഴുക്കുകയോ അല്ലെങ്കില്‍ ഗംഗയില്‍ തന്നെ ഒഴുക്കുകയോ ചെയ്യാം. പക്ഷേ കൃത്യമായ നിര്‍ദേശം ഇല്ലാത്തിടത്തോളം ആ ചിതാഭസ്മം ഭദ്രമായി സൂക്ഷിക്കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാവുന്നത്. അവിടെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാവുന്നതാണ്’, കെ സച്ചിദാനന്ദന്‍ പറഞ്ഞു.