ന്യൂഡല്‍ഹി: റെഡ്മി നോട്ട് 13 5ജി സീരീസ് ഫോണുകളുടെ വില്‍പന 1000 കോടി രൂപ കടന്നതായി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമി. അടുത്തിടെയാണ് ഷവോമി റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് പരമ്പരയില്‍ ഉള്ളത്. റെഡ്മി നോട്ട് 12 5ജി സീരീസില്‍നിന്നുള്ള വരുമാനത്തേക്കാള്‍ 95 ശതമാനം അധിക നേട്ടമാണ് പുതിയ മോഡലുകളിലൂടെ ലഭിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. താങ്ങാവുന്ന വിലയില്‍ മുന്തിയ ഫീച്ചറുകളാണ് പുതിയ മോഡലുകളിലുള്ളത്.

റെഡ്മി നോട്ട് 13 പ്രോ+, റെഡ്മി നോട്ട് 13 പ്രോ എന്നിവ മികച്ച ഡിസ്‌പ്ലേ, ഫ്ലാഗ്ഷിപ്പ് ലെവൽ ക്യാമറകൾ, സൂപ്പർ ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് നല്‍കുന്നത്. മികച്ച ഡിസ്‌പ്ലേയും മിനുസമുള്ള ഡിസൈനുമൊക്കെ അടങ്ങുന്ന നോട്ട് സീരീസിന്റെ പാരമ്പര്യം ഉള്‍കൊള്ളുന്നതാണ് റെഡ്മി നോട്ട് 13.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ എട്ട് ജിബി റാം+256 ജിബി വേരിയന്റിന് 29999 രൂപയാണ് വില. റെഡ്മി നോട്ട് 13 പ്രോയുടെ 8 ജിബി+128 ജിബി പതിപ്പിന് 23999 രൂപയും റെഡ്മി നോട്ട് 13 5ജിയുടെ 6 ജിബി+128 ജിബി പതിപ്പിന് 16999 രൂപയുമാണ് വില.