രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച; കോടതി പരിസരത്ത് അതീവ സുരക്ഷ

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച; കോടതി പരിസരത്ത് അതീവ സുരക്ഷ


ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഒന്‍പത് മുതല്‍ പതിനഞ്ച് വരെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റവും തെളിഞ്ഞു. ഇവരുടെ ശിക്ഷ സംബന്ധിച്ച് കോടതിയില്‍ വാദം തുടരുകയാണ്. ശിക്ഷാവിധി തിങ്കളാഴ്ച ഉണ്ടാകും.

മാവേലിക്കര: ബി.ജെ.പി ഒബിസി മോര്‍ച്ച നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 15 പേരും കുറ്റക്കാരനെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികളെല്ലാവരും. 12 പേര്‍ കൊലപാതകത്തില്‍ നേരിട്ടും മൂന്ന് പേര്‍ ആസുത്രണത്തിലും പങ്കെടുത്തവരാണ്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഒന്‍പത് മുതല്‍ പതിനഞ്ച് വരെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റവും തെളിഞ്ഞു. ഇവരുടെ ശിക്ഷ സംബന്ധിച്ച് കോടതിയില്‍ വാദം തുടരുകയാണ്. ശിക്ഷാവിധി തിങ്കളാഴ്ച ഉണ്ടാകും.

2021 ഡിസംബര്‍ 19നാണ് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി ഭാര്യയുടെയും അമ്മയുടെയും മുന്നിലിട്ട് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. 2021 ഡിസംബര്‍ 18ന് മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ നേതാവായ ഷാന്‍ കൊലപ്പെട്ടതിന്റെ പ്രതികാരമായാണ് പിറ്റേന്ന് പ്രതികള്‍ രഞ്ജിതിനെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


വിധി കേള്‍ക്കാന്‍ രഞ്ജിതിന്റെ അമ്മ വിനോദിനിയും ഭാര്യ നിഷയും രണ്ട് മക്കളും സഹോദരനും കോടതിയില്‍ എത്തിയിരുന്നു.

156 സാക്ഷികളെ വിസ്തരിച്ചു. കുറ്റപത്രത്തിലെ ആറായിരത്തോളം പേജുകളില്‍ സാക്ഷിമൊഴികളായിരുന്നു. 1000 ഓളം​ ​േ​രഖകള്‍, 100 ഓളം തൊണ്ടിമുതല്‍, റൂട്ട് മാപ്, ഫോണ്‍ സന്ദേശങ്ങള്‍, വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങി നിര്‍ണായക തെളിവുകളാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പണിക്കര്‍ കോടതിയില്‍ ഉന്നയിച്ചത്.


ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു രഞ്ജിത് ശ്രീനിവാസന്‍. അതുകൊണ്ടുതന്നെ ആലപ്പുഴയിലെ അഭിഭാഷകര്‍ ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെ കേസ് തൊടുപുഴയിലെ കോടതിയിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചിരുന്നു.

കേസ് പരിഗണിക്കുന്നത് പ്രമാണിച്ച് മാവേലിക്കര കോടതി പരിസരത്ത് അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രതികളെ കോടതിയില്‍ എത്തിച്ച് തിരിച്ചുകൊണ്ടുപോകുന്നത് വരെ നഗരത്തിലും സുരക്ഷ തുടരും. നൂറിലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.