ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്. 

മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു. 

മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഒട്ടേറെ ഉപവിഭാഗങ്ങൾ ഇവയിലുണ്ട്. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ്, പരിണാമത്തിലെ അവസാനദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം