ഹൃദയാഘാതം മൂലം പിതാവ് മരിച്ചു; പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം പിതാവ് മരിച്ചു; പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം


ലണ്ടന്‍: ഹൃദയാഘാതം മൂലം പിതാവ് മരിച്ചതിനെ തുടര്‍ന്ന് പരിചരിക്കാന്‍ ആരുമില്ലാതെ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. യുകെയിലെ ലിങ്കണ്‍ഷെയറിലാണ് ഹൃദയഭേദകമായ സംഭവം. പിതാവിന്‍റെ മൃതദേഹത്തിന് അരികെ പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്നാണ് കുഞ്ഞ് മരിച്ചത്. ലിങ്കണ്‍ഷെയര്‍ സ്കെഗ്നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്മെന്‍ററ് ഫ്ലാറ്റിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജനുവരി ഒമ്പതിനാണ് ബ്രോണ്‍സണ്‍ ബാറ്റേഴ്സ്ബി എന്ന രണ്ടു വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹത്തിനടുത്തായി 60കാരനായ പിതാവ് കെന്നത്തിന്‍റെ മൃതദേഹവും കണ്ടെത്തി. ഇവരെ അവസാനമായി കണ്ടെന്ന് പറയപ്പെടുന്നതിന് 14 ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിനെ അവസാനമായി കണ്ടെത് ക്രിസ്മസിന് തൊട്ടുമുമ്പാണെന്ന് കുട്ടിയുടെ മാതാവ് സാറ പിയെസ്സി പറഞ്ഞു. കുട്ടിയുടെ പിതാവും സാറയും വേര്‍പിരിഞ്ഞതാണ്. 

സംഭവത്തില്‍ ലിങ്കണ്‍ഷെയര്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്‍റെ മരണത്തില്‍ പൊലീസിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. 

സോഷ്യല്‍ സര്‍വീസില്‍ നിന്ന് പൊലീസിന് വീടിന്‍റെ അവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്നെന്നാണ് വിവരം.  ജനുവരി രണ്ടിന് ഒരു സോഷ്യല്‍ വര്‍ക്കര്‍ അവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ 27ന് കുട്ടിയുടെ പിതാവിനെ വിളിച്ച ശേഷമായിരുന്നു അവര്‍ വീട്ടിലെത്തിയത്. എന്നാല്‍ വീട് അടഞ്ഞു കിടന്നിരുന്നു. പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ കുട്ടി പോകാനിടയുള്ള മറ്റ് വിലാസങ്ങളിലും ഇവര്‍ അന്വേഷിച്ചു. വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ പൊലീസിലും അറിയിച്ചിരുന്നു. പിന്നീടും ഇവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴും വിവരം ലഭിക്കാത്തതിനാല്‍ വീണ്ടും പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് സോഷ്യല്‍ വര്‍ക്കര്‍ ഇവരുടെ താമസസ്ഥലത്തെ ഉടമയില്‍ നിന്ന് മറ്റൊരു താക്കോല്‍ വാങ്ങി വീട് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ചില്‍ഡ്രന്‍ സര്‍വീസിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹീത്തര്‍ സാന്‍ഡി പറഞ്ഞു. ഈ സംഭവം ഞെട്ടിക്കുന്നതാണെന്ന് ഇൻഡിപെൻഡന്റ് ഓഫിസ് ഫോർ പൊലീസ് കൺഡക്ട് (ഐഒപിസി) ഉദ്യോഗസ്ഥനായ ഡെറിക് കാംബെൽ പറഞ്ഞു.