കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസ് : കേരളത്തിൻ്റെ സമ്മതംകാത്ത് കർണാടക ആർ.ടി.സി.

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ഫ്ലൈ ബസ് : കേരളത്തിൻ്റെ സമ്മതംകാത്ത് കർണാടക ആർ.ടി.സി.

ബെംഗളൂരു: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള കർണാടക ആർ.ടി.സി.യുടെ ആഡംബര ഫ്ലൈ ബസിൻ്റെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസ് വൈകുന്നു. കുടക്, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് നടത്താൻ രണ്ടുവർഷംമുമ്പാണ് കർണാടക ആർ.ടി.സി. തീരുമാനിച്ചത്.ഈ ഭാഗങ്ങളിലുള്ളവർക്ക് ബെംഗളൂരു വിമാനത്താവളത്തേക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. കേരളത്തിന്റെ അനുകൂലനിലപാട് ലഭിക്കാത്തതാണ് സർവീസ് വൈകാൻ കാരണമെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യംവെച്ചുള്ളതാണ് സർവീസ്.

സ്റ്റോപ്പുകൾ കുറവായതിനാൽ വേഗത്തിൽ ലക്ഷ്യത്തിലെത്താം. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈ ബസ് വേണമെന്നാവശ്യപ്പെട്ട് കുടക് പാസഞ്ചേഴ്‌സ് ഫോറം കർണാടക ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു.ഫ്ലൈ ബസ് സർവീസ് വേണമെന്ന് വിമാനത്താവളം അധികൃതരും കർണാടക ആർ.ടി.സി.യോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റൂട്ട് സർവേ ഉൾപ്പെടെ നടത്തി സർവീസ് നടത്താനുള്ള സമ്മതം കർണാടകം അറിയിച്ചതാണ്. എന്നാൽ, സർവീസ് സംബന്ധിച്ച് കേരളവുമായി കരാറിലെത്താൻ സാധിച്ചില്ല. കണ്ണൂരിലേക്ക് നിലവിലുള്ള ബസുകളുടെ പെർമിറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ സാധിക്കില്ല.ഈ റൂട്ടിൽ ഫ്ളൈ ബസ് വന്നാൽ വിരാജ്പേട്ട്, മടിക്കേരി, ഗോണികുപ്പ, കുശാൽനഗർ തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായി കണ്ണൂർ വിമാനത്താവളത്തിലെത്താം.