ഇരിട്ടി പുന്നാട് വീട്ടിൽ സ്ഫോടനം;ഭാര്യക്കും ഭർത്താവിനും പരിക്ക്

ഇരിട്ടി പുന്നാട് വീട്ടിൽ സ്ഫോടനം;
ഭാര്യക്കും ഭർത്താവിനും പരിക്ക്


ഇരിട്ടി: പുന്നാട് കോട്ടത്തെകുന്നിൽ  വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഭാര്യക്കും ഭർത്താവിനും പരിക്ക്. കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് (43 ) എന്ന പോത്ത്‌ സുഭാഷ് ഭാര്യ പാർവതി എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
ഞായറാഴ്ച ഉച്ചയോടെയാണ് വൻ ശബ്ദത്തോടെ  വീട്ടിൽ സ്ഫോടനം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഫോടകവസ്തു നിലത്ത് വീണ് പൊട്ടിയതാണെന്നാണ് നിഗമനം. സുഭാഷിന്റെ ഇരു കാലുകൾക്കും ദേഹത്തും ഉൾപ്പെടെ പരിക്ക് പറ്റിയിട്ടുണ്ട്.  ഭാര്യക്ക്   വയറിലും ദേഹത്ത് പലയിടത്തും  പരിക്കേറ്റിട്ടുണ്ട്. സുഭാഷിനാണ് കൂടുതൽ പരിക്കെങ്കിലും ഭാര്യയുടെ പരിക്ക് ഗുരുതരമല്ല. കാട്ടുപന്നിയെ പിടികൂടാൻ വേണ്ടി കെട്ടിയ പന്നിപ്പടക്കം താഴെ വീണ് പൊട്ടിയപ്പോഴാണ് സ്ഫോടനം ഉണ്ടായത് എന്നാണ് സുഭാഷ് പോലീസിന് നൽകിയ മൊഴി. ഇരിട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.