ഐടി ജീവനക്കാരി വന്ദനയുടെ കൊലപാതകം: കാമുകൻ പിടിയില്‍

ഐടി ജീവനക്കാരി വന്ദനയുടെ കൊലപാതകം: കാമുകൻ പിടിയില്‍

പൂനെ: പൂനെയിലെ ഹോട്ടലില്‍ ഐടി ജീവനക്കാരിയായ യുവതിയെ കാമുകന്‍ വെടിവച്ചു കൊലപ്പെടുത്തി. ശനിയാഴ്ച പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചവാഡി മേഖലയിലെ ടൗണ്‍ ഹൗസ് ഹോട്ടലിലാണ് സംഭവം. ഹിഞ്ചവാഡിയിലെ പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായ വന്ദന ദ്വിവേദി (26) എന്ന യുവതിയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ലഖ്‌നൗ സ്വദേശിയായ ഋഷഭ് നിഗം എന്ന യുവാവിനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ പത്തു വര്‍ഷമായി പ്രണയത്തിലായിരുന്നു ഋഷഭും വന്ദനയുമെന്ന് പൂനെ പൊലീസ് പറഞ്ഞു. വന്ദനയെ കാണാന്‍ പൂനെയില്‍ എത്തിയതായിരുന്നു ഋഷഭ്. ജനുവരി 25 മുതല്‍ ഇരുവരും സംഭവം നടന്ന ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. സമീപ കാലത്തെ വന്ദനയുടെ സ്വഭാവത്തില്‍ ഋഷഭിന് സംശയങ്ങള്‍ തോന്നിയതിനാല്‍ കൊല്ലണമെന്ന ഉദേശത്തോടെയാണ്, പ്രതി പൂനെയില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 10 മണിയോടെ വന്ദനയെ വെടിവച്ച് കൊന്ന ശേഷം ഋഷഭ് ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കൊലപാതകത്തിന് ശേഷം ഋഷഭ് മുംബൈയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മുംബൈയില്‍ എത്തിയ ഋഷഭിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വന്ദനയുടെ മൃതദേഹം കണ്ടെത്തിയ ഹോട്ടല്‍ മുറി അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്‌തെന്നും കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ഋഷഭിന് എവിടെ നിന്ന് ലഭിച്ചുവെന്നത് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.