കണ്ണൂർ: കുറ്റകൃത്യങ്ങളും മോഷണവും വർധിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിയുമായി കണ്ണൂർ പോലീസ്. പൊതുസുരക്ഷയ്ക്കും സ്വയംരക്ഷയ്ക്കുമായി സിറ്റി പോലീസ് പരിധിയില്‍ 1000 സി.സി.ടി.വി.
ക്യാമറകള്‍ സ്ഥാപിക്കും. 'ആയിരം കണ്ണുമായി' എന്ന് പേരിട്ട പദ്ധതി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നിർദേശത്തില്‍ എ.സി.പി. ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനകം 456 ക്യാമറകള്‍ സ്ഥാപിച്ചു. സ്ഥാപനങ്ങള്‍, വീടുകള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പൊതുജനങ്ങളെ ബോധവത്കരിച്ചാണ് ക്യാമറ സ്ഥാപിക്കാൻ നിർദേശിക്കുന്നത്. അതതിടങ്ങളിലെ വീട്ടുകാരുടെയും സ്ഥാപന ഉടമകളുടെയും സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ജനങ്ങള്‍ക്കും പോലീസിനും സഹായകമാകുന്ന രീതിയില്‍ ക്യാമറകളില്‍ ഒരെണ്ണം റോഡിലേക്ക് കാണും വിധം വെക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. മുൻകാലങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ പരിചരണമില്ലാതെ പ്രവർത്തന രഹിതമാകുന്നത് പതിവായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ക്യാമറയുടെ പരിചരണവും അറ്റകുറ്റപ്പണികളും ക്യാമറ നല്‍കുന്നവരുടെ ഉത്തരവാദിത്വത്തിലാണ് നടത്തുന്നത്. ക്യാമറ നല്‍കുന്നവരുടെ പേരും ഫോണ്‍ നമ്ബറും അതത് പോലീസ് സ്റ്റേഷനുകളില്‍ സുക്ഷിക്കും. വീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, ചർച്ചുകള്‍, ആശുപത്രി, പെട്രോള്‍ പമ്ബ്, സ്കൂളുകള്‍, പൊതു ഇടങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നത്.
ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയില്‍-35, എടക്കാട് -24, കണ്ണപുരം-130, വളപട്ടണം-37, കണ്ണൂർ ടൗണ്‍-175, കണ്ണൂർ സിറ്റി-36, മയ്യില്‍-19 എന്നിവിടങ്ങളിലായി 456 സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കണ്ണൂർ ടൗണ്‍, കണ്ണപുരം എസ്.ഐ.മാരായ അജേഷ്, അഫ്സീർ, രാജേഷ് എന്നിവരും ക്യാമറകള്‍ സ്ഥാപിക്കാൻ നേതൃത്വം നല്‍കുന്നുണ്ട്