സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല; തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ.കെ ശൈലജ

 സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ല; തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ.കെ ശൈലജ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്. നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്ന് ചോദിച്ച കെ കെ ശൈലജ, സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും പറഞ്ഞു.നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടുപോയ വിഭാഗമാണ് സമൂഹത്തില്‍ സ്ത്രീകള്‍. അവരെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ വളറെ സഹായിച്ചിട്ടുണ്ട്. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണം. അതിനുള്ള നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും കെ കെ ശൈലജ പറഞ്ഞു. കെഎല്‍എഫ് വേദിയിലായിരുന്നു പ്രതികരണം.

തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്ത് അവരെ മത്സരിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയെല്ലാം നോക്കി ചര്‍ച്ചകളൊക്കെ ചെയ്താണ് അവസാനം ചിലപ്പോഴൊക്കെ സ്ത്രീകള്‍ മാറ്റനിര്‍ത്തപ്പെടുന്നത്. അങ്ങനെ മാറ്റനിര്‍ത്താന്‍ ഇട വരരുത്. ജയിക്കുന്ന സീറ്റുകളില്‍ തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കെ കെ ശൈലജ പറഞ്ഞു.