പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല




ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.35ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു.

മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയൻറുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.

ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകിട്ട് ആറരയോടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്.

തുടര്‍ന്ന് 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. വൈകിട്ട് 6.45നായിരുന്നു അയ്യപ്പനു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. തുടർന്ന് പൊന്നമ്പല മേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞു. അതോടെ സന്നിധാനത്തും പാണ്ടിത്താവളത്തിലുമടക്കം ഭക്തർ തമ്പടിച്ചിരുന്ന ഇടങ്ങളിലെല്ലാം ശരണംവിളികളുയർന്നു.

മകരസംക്രമസന്ധ്യയില്‍ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ടോടെ ശരംകുത്തിയിലെത്തിയിരുന്നു.

അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.

കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പല മേട്ടില്‍ മകരവിളക്കു തെളിഞ്ഞത്.

 

 

 

അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.15ഓടെയാണ് ശരംകുത്തിയിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു.