രണ്‍ജീത്ത് ശ്രീനിവാസൻ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് ചരിത്ര വിധി ഉണ്ടായത്. എന്നാൽ ഈ കേസിന് കാരണമായ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി സ്വദേശി കെ.എസ്.ഷാനെ വെട്ടിക്കൊന്ന കേസിൽ വർഷം രണ്ടു കഴിഞ്ഞിട്ടും വിചാരണയായില്ല. രൺജിത്ത് വധക്കേസിൽ കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചപ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.

രൺജിത്ത് വധക്കേസിൽ വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെയെന്ന് ചോദിക്കുകയാണ് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്‍റെ കുടുംബം. ക്രൂരമായ കൊലപാതകമാണ് നടന്നത്. എന്നിട്ടും കേസ് ഇഴഞ്ഞു നീങ്ങുകയാണ്. 'ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ രൺജിത്തും കൊല്ലപ്പെടില്ലായിരുന്നു. രണ്ട് കുടുംബങ്ങളും സമാന നഷ്ടങ്ങളാണ് ഉണ്ടായതെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും ഷാനിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും' കുടുംബം ആരോപിക്കുന്നു.

അതേസമയം  ഷാനിന്‍റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. 2021 ഡിസംബർ 18ന് രാത്രിയാണ് എസ്​.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. പിന്നാലെ 19ന് രാവിലെ ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വേഷണം നടത്തി പ്രതികളെ പിടികൂടിയെങ്കിലും ആദ്യ സംഭവമായ ഷാൻ കൊലക്കേസ് എങ്ങും ഇനിയും എത്തിയിട്ടില്ല.  കേസ് നടത്തിപ്പിൽ വ്യാപക പരാതി ഉയർന്നതോടെ  ഏതാനും ദിവസം മുമ്പ് തൃശൂർ സ്വദേശിയും പ്രമുഖ അഭിഭാഷകനുമായ പി.പി ഹാരിസിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.