വയനാട്ടിൽ മാനന്തവാടിക്ക് പിന്നാലെ സുൽത്താൻ ബത്തേരി കോടതിവളപ്പിലും കരടിയിറങ്ങി

വയനാട്ടിൽ മാനന്തവാടിക്ക് പിന്നാലെ സുൽത്താൻ ബത്തേരി കോടതിവളപ്പിലും കരടിയിറങ്ങി


സുൽത്താൻ ബത്തേരി: വയനാട്ടിൽ മാനന്തവാടിക്ക് പിന്നാലെ സുൽത്താൻ ബത്തേരിയിലും കരടിയിറങ്ങി. ബത്തേരി ടൗണിൽ കോടതി വളപ്പിൽ ഇന്നലെ രാത്രി 11 മണിയോടെ കരടിയെ കണ്ടെത്തി. റോഡ് കുറുകെ കടന്ന് കോടതി വളപ്പിൽ കയറിയ കടുവയെ ഇതുവഴിയെത്തിയ കാർ യാത്രികരാണ് കണ്ടത്.

കോടതിയുടെ പുറകു വശത്തെ മതിൽ ചാടി കോളിയാടി ഭാഗത്തേക്ക് കരടി നീങ്ങിയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിരുന്നു.

മാനന്തവാടിയിലെയും പനമരത്തെയും ജനവാസമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കരടിയിറങ്ങിയിരുന്നു. വനപാലകർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും നാലുദിവസം ആശങ്കപരത്തിയ കരടി ഒടുവിൽ പിടികൊടുക്കാതെ കാടുകയറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരിയിലും കരടിയെ കണ്ടത്. കഴിഞ്ഞ ദിവസം വാകേരി മൂടക്കൊല്ലിയിലെ കൃഷിയിടത്തിലും കരടിയുടെ കാൽപ്പാടുകൾ കണ്ടതായി പറയപ്പെടുന്നുണ്ട്.