അഴുക്കില്‍ നിന്ന് അഴകിലേയ്ക്ക് - സ്‌നേഹാരാമം

അഴുക്കില്‍ നിന്ന് അഴകിലേയ്ക്ക് - സ്‌നേഹാരാമം                            
ഉളിക്കല്‍: 'മാലിന്യമുക്ത നവകേരളം' പദ്ധതി പ്രകാരം  ഉളിക്കല്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം കോളേജ് ഓഫ് പ്രൊഫക്ഷണല്‍ സ്റ്റഡീസ് എന്‍എസ്എസ് യൂണിറ്റിലെ അന്‍പതോളം വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഉളിക്കല്‍ പഞ്ചായത്ത് മത്സ്യ-മാംസ മാര്‍ക്കറ്റിന് സമീപം സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയ്ക്ക് മുന്‍വശത്ത് വിഷസസ്യങ്ങളും മാലിന്യവും നിറഞ്ഞ് വൃത്തിഹീനമായി സ്ഥിതി ചെയ്തിരുന്ന പ്രദേശം വൃത്തിയാക്കി മനോഹരമായ ഉദ്യാനം നിര്‍മ്മിച്ചു.
ഉളിക്കല്‍ പഞ്ചായത്തുമായി സഹകരിച്ച് നിര്‍മ്മിച്ച സ്‌നേഹാരാമം പ്രസിഡന്റ് പി.സി.ഷാജി നാടിന് സമര്‍പ്പിച്ചു. അംഗം പി.എ. നോബി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംഗ് ഡയറക്ടര്‍ പ്രദോഷ് അളോക്കന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ. തങ്കച്ചന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സി.നമ്പ്യാര്‍, പ്രിന്‍സിപ്പാള്‍ ഡോ. ടി.കെ.അഭിലാഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. പ്രിയങ്ക എന്നിവര്‍ പ്രസംഗിച്ചു.
'അഴുക്കില്‍ നിന്ന് അഴകിലേയ്ക്ക് ' എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. സര്‍ക്കാര്‍ ആശുപത്രിയിലും മത്സ്യ-മാംസ മാര്‍ക്കറ്റിലുമെത്തുന്ന നൂറുകണക്കിന് ജനങ്ങള്‍ക്ക്  പദ്ധതി കൊണ്ട് പ്രയോജനം ലഭിയ്ക്കും. ഇപ്പോള്‍ മാര്‍ക്കറ്റിലെത്തുന്ന ജനങ്ങള്‍ക്ക് ഒരു പാര്‍ക്കില്‍ എത്തിയ  അനുഭവമാണ് ലഭിക്കുന്നത്. ആരാമം പരിപാലിയ്‌ക്കേണ്ട ഉത്തരവാദിത്തം യോഗത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ക്കറ്റിന്റെ കെയര്‍ ടേക്കറെ ഏല്പിച്ചു. കച്ചവടക്കാരും പ്രദേശവാസികളും സ്‌നേഹാരാമത്തെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു.