ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷം, മകള്‍ ഭിന്നശേഷിക്കാരിയായ കിടപ്പുരോഗി ; അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങി ; ജീവിക്കാന്‍ മാര്‍ഗമില്ലാതെ വയോധികനായ ഭിന്നശേഷിക്കാരന്‍ ആത്മഹത്യചെയ്തു

ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷം, മകള്‍ ഭിന്നശേഷിക്കാരിയായ കിടപ്പുരോഗി ; അഞ്ചുമാസമായി പെന്‍ഷന്‍ മുടങ്ങി ; ജീവിക്കാന്‍ മാര്‍ഗമില്ലാതെ വയോധികനായ ഭിന്നശേഷിക്കാരന്‍ ആത്മഹത്യചെയ്തു


പേരാമ്പ്ര (കോഴിക്കോട്): അഞ്ചു മാസമായി വികലാംഗ പെന്‍ഷന്‍ മുടങ്ങിയ ഭിന്നശേഷിക്കാരനായ വയോധികന്‍ ജീവനൊടുക്കി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് വളയത്ത് ജോസഫാ( പാപ്പച്ചന്‍ -77)ണു മരിച്ചത്. ഇന്നലെ ഉച്ചയോടെ അയല്‍വാസികള്‍ ജോസഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണു മരണകാരണമെന്ന് ആരോപണം.

പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് ജോസഫ് നേരത്തെ പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. അഞ്ചു മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകള്‍ ജിന്‍സിക്കും പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടു നവംബര്‍ ഒന്‍പതിനാണ് ജോസഫ് അധികൃതര്‍ക്കു നിവേദനം നല്‍കിയത്.

ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷത്തോളമായി. പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി, ജില്ലാ കലക്ടര്‍, പെരുവണ്ണാമൂഴി പോലീസ് എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതില്‍ ജോസഫ് കടുത്ത നിരാശയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭിന്നശേഷിക്കാരന്‍ എന്ന നിലയില്‍ ഗ്രാമപഞ്ചായത്തും സര്‍ക്കാരും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടപെട്ടിരുന്നെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.