പാര്‍ലമെന്‍റ് അതിക്രമ കേസ്; ‘ഇലക്ട്രിക് ഷോക്ക് നൽകി ക്രൂരമായി പീഡിപ്പിച്ചു’, ദില്ലി പൊലീസിനെതിരെ പ്രതികൾ

 പാര്‍ലമെന്‍റ് അതിക്രമ കേസ്; ‘ഇലക്ട്രിക് ഷോക്ക് നൽകി ക്രൂരമായി പീഡിപ്പിച്ചു’, ദില്ലി പൊലീസിനെതിരെ പ്രതികൾ

ദില്ലി:പാര്‍ലമെന്‍റ് അതിക്രമ കേസില്‍ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍ രംഗത്ത്. അറസ്റ്റിലായ പ്രതികളാണ് ദില്ലി പൊലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ പ്രയോഗിച്ചുവെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തിയെന്നും പ്രതികള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇലക്ട്രിക് ഷോക്ക് നല്‍കി ദില്ലി പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്നും. വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിപ്പിച്ചെന്നും പ്രതികള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
സാഗര്‍ ശര്‍മ, മനോരഞ്ജൻ, നീലം ദേവി, അമോള്‍ ഷിൻഡെ, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രശസ്തരാകാൻ എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യാനാണ് പാര്‍ലമെന്‍റ് അതിക്രമ കേസിലെ ആറ് പ്രതികളും ആഗ്രഹിച്ചതെന്നും ഇവര്‍ക്ക് പിന്നില്‍ മറ്റ് പ്രേരകശക്തികള്‍ ഇല്ലെന്നും പുറത്തുനിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നുമാണ് നേരത്തെ ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നത്. മനോരഞ്ജനാണ് സംഭവത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും പ്രതികളെല്ലാം നാലുവര്‍ഷമായി തമ്മില്‍ അറിയുന്നവരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.