സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് ലൈസൻസ് നിര്‍ബന്ധം; പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനാ സാക്ഷിപത്രം ഹാജരാക്കണം




സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നവരും വിതരണം ചെയ്യുന്നവരും ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാചട്ടം.

ആരാധനാലയങ്ങള്‍ക്കടക്കം ഇതു കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയിലും ലൈസൻസ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം. പല സ്കൂളുകള്‍ക്കും ഇതു സംബന്ധിച്ച്‌ നോട്ടീസ് നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്തെ 12,000 സ്കൂളുകളില്‍ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കുന്നുണ്ട്. പ്രഥമാധ്യാപകർക്കാണ് നിർവഹണച്ചുമതല. അതിനാല്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിനുള്ള ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കേണ്ടതും പ്രഥമാധ്യാപകരുടെ പേരിലാണ്. കൂടാതെ പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തല്‍.

സ്കൂളുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണസാംപിള്‍ സർക്കാർ അംഗീകൃതലാബുകളില്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുന്നതു മാത്രമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നടപടി. ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കുന്നതില്‍ ഇളവുണ്ട്. ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കലക്ടർമാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമാധ്യാപകരുടെയും യോഗങ്ങള്‍ വിളിച്ചിരുന്നു. എന്നാല്‍ ലൈസൻസ് എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല.

അതേസമയം ഉച്ചഭക്ഷണപദ്ധതി പൊതുവിദ്യാഭ്യാസവകുപ്പിന്റേതാണെന്നും സ്കൂളില്‍ പ്രഥമാധ്യാപകൻ ഹോട്ടലോ റെസ്‌റ്ററന്റോ അല്ല നടത്തുന്നതെന്നും പ്രൈമറി സ്കൂള്‍ പ്രഥമാധ്യാപകരുടെ സംഘടനയായ കെപിപിഎച്ച്‌എ ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാർ പറഞ്ഞു.