ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈളുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ. വി. കാമത്ത് അറിയിച്ചു. ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കും.(India to export BrahMos missiles)

ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് സമീർ വി കാമത്ത് പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വർഷത്തിനുള്ളിൽ ആരംഭിക്കും.

അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഒരു ഇടത്തരം സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്.പല രാജ്യങ്ങളും ഇവ വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് പോലും ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.