പകർച്ചവ്യാധി പടർന്നു പിടിച്ച കുന്നോത്ത് അംബോദ്കർ കോളനിയിലെ കിണറുകൾ വറ്റിച്ച് സൂപ്പർ ക്ലോറിനേഷൻ നടത്തി

പകർച്ചവ്യാധി പടർന്നു പിടിച്ച  കുന്നോത്ത് അംബോദ്കർ കോളനിയിലെ കിണറുകൾ വറ്റിച്ച് സൂപ്പർ ക്ലോറിനേഷൻ നടത്തി
ഇരിട്ടി: പകർച്ചവ്യാധി പടർന്നു പിടിച്ച  കുന്നോത്ത് അംബോദ്കർ കോളനിയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പതിനെട്ടോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ  നൂറോളം പേർക്ക് ഛർദ്ദിയും  വയറിളക്കവും ബാധിച്ച് ചികിത്സ തേടിയിരുന്നു.  അഞ്ചോളം കിണറുകളുള്ള കോളനിയിൽ ഇവർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന  മൂന്ന്  കിണറുകൾ  വറ്റിച്ച് ആരോഗ്യവകുപ്പ് സൂപ്പർ ക്ലോറിനേഷൻ നിടത്തി. കിണർ വെള്ളം വീണ്ടും പരിശോധിച്ച് ബാക്ടീരിയുടെ അംശം ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിക്കും. വെള്ളം ഉപയോഗ യോഗ്യമാകുന്നത് വരെ  കുടുംബങ്ങൾക്ക് പുറമെ നിന്നും കുടിവെള്ളം എത്തിച്ച് വിതരണം ചെയ്യും. 
പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ്.പ്രസിഡന്റ് വിനോദ്കുമാർ, ഇരിട്ടി താലൂക് ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ. ആഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. വള്ളിത്തോട്  മെഡിക്കൽ ഓഫീസിൽ ഡോ. നിറ്റു തോമസിന്റെ മേതൃത്വത്തിൽ മെഡിക്കൽ സംഘം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രോഗം നിയന്ത്രണ വിധേയമായെന്നും നിലവിൽ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരിൽ ഒരാൾ ഡിസ്ചാർജ്ജ് ആയതായും അധികൃതർ പറഞ്ഞു.
   
           അതേസമയം കോളനിയിലെ മലിന ജലം ഓവുചാലുകൾ വഴി പുറത്തേക്ക് ഒഴുക്കി വിടുന്നത് തടയണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഓവു ചാലിൽനിന്നുള്ള മലിന ജലം കിണറിലേക്ക് അരിച്ചിറങ്ങാനുള്ള സാധ്യതകണ്ടെത്തി പരിഹരിക്കുകയും  കുഴികുത്തി അതിലേക്ക് മലിന ജലം ഒഴുക്കിവിടുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും.  ഓവുചാലാൽ നിർമ്മാണത്തിലെ ആശാസ്ത്രിയതയാണ് ഇതിനിടയാക്കിയതെന്നാണ്  പരാതി ഉയരുന്നത്.   ഓവുചാലും ചുറ്റുമതിലും സാംസ്‌ക്കാരിക നിലയവും ഉൾപ്പെടെ രണ്ട് വർഷം  മുൻപ്  ഒരുകോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ്  കോളനിയിൽ നടത്തിയത്. ഓവുചാലിൽ പല സ്ഥലങ്ങളിൽ വെളളം കെട്ടി നിന്ന് കൊതുക് കൂത്താടികൾ പെറ്റ് പെരുകുകയാണ്. ആരോഗ്യ വകുപ്പ് കരാറുകാരനെക്കൊണ്ട് ഓവുചാലുകൾ വ്യത്തിയാക്കി ക്ലോറിനേഷൻ നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സന്തോഷ്, അൻവർ, അബ്ദുള്ള, ജെ പി എച്ച് എൻ  ശീമോൾ,  ആശ വർക്കർ ഏലിയാമ്മ  എന്നിവരും സ്ഥലത്ത്ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവർത്തനം നടത്തി വരുന്നത് .